നിവാര്‍ ചുഴലിക്കാറ്റ്; മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശാന്‍ സാധ്യത

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തമിഴ്നാട് തീരം തൊടും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തമിഴ്നാട്,പുതുച്ചേരി,ആന്ധ്ര തീരങ്ങളില്‍ അതീവ ജാഗ്രത തുടരുന്നു. ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.

ചുഴലിക്കാറ്റ് തീരത്തേക്ക് അടുത്തതോടെ തമിഴ്നാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പുതുച്ചേരി, ആന്ധ്രാ എന്നീ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരദേശ മേഖലളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വില്ലുപുരം, കടലുര്‍, പുതുച്ചേരി, ചെന്നൈ, ചെങ്കല്‍പേട്ട് മേഖലകളില്‍ കാറ്റ് കനത്ത നാശനഷ്ടം വരുത്തിവയ്ക്കുമെന്നാണ് സൂചന. നിലവില്‍ കടലൂരിന് 300 കിലോമീറ്റര്‍ അകലെയാണ് നിവാര്‍ ഉള്ളത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി നാവികസേനയും കോസ്റ്റ് ഗാര്‍ഡും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. നാഗപട്ടണം രമേശ്വരം തീരങ്ങളില്‍ നാവികസേനയുടെ ഏഴ് സംഘങ്ങളെ വിന്യസിച്ചു. രണ്ട് ഹെലികോപ്റ്ററുകള്‍, എയര്‍ ആംബുലന്‍സ് എന്നിവയടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *