കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു

ന്യുഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ട്രഷററും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില വഷളായ അഹമ്മദ് പട്ടേല്‍ കുറച്ചു ദിവസമായി ഗുരുഗ്രാമിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

മകന്‍ ഫൈസല്‍ ആണ് പുലര്‍ച്ചെ ട്വിറ്ററിലൂടെ പട്ടേലിന്റെ വിയോഗ വാര്‍ത്ത അറിയിച്ചത്. 3.30 നായിരുന്നു വിയോഗം. കൊവിഡിന് പിന്നാലെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നുവെന്ന് മകന്‍ അറിയിച്ചു. ഒക്‌ടോബര്‍ ഒന്നിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. നവംബര്‍ 15 മുതല്‍ ഐ.സി.യുവിലായിരുന്നു പട്ടേല്‍.

കോണ്‍ഗ്രസ് പ്രതിസന്ധിയുടെ നടുവില്‍ നില്‍ക്കുന്ന സമയത്താണ് പാര്‍ട്ടിയിലെ ‘ട്രബിള്‍ ഷൂട്ടര്‍, ക്രൈസിസ് മാനേജര്‍’ ആയിരുന്ന പട്ടേലിനെ നഷ്ടപ്പെടുന്നത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന അഹമ്മദ് പട്ടേല്‍ ഏറെക്കാലം സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നു തവണ ലോക്‌സഭാംഗവും അഞ്ചു തവണ രാജ്യസഭാംഗവുമായിരുന്നെങ്കിലും ഒരിക്കല്‍ പോലും അധികാര കേന്ദ്രത്തിലേക്ക് വരാന്‍ അദ്ദേഹം താല്‍പര്യപ്പെട്ടിരുന്നില്ല. കുറച്ചുകാലം കേരളത്തിന്റെ ചുമതലയും വഹിച്ചിരുന്നു.

കഴിഞ്ഞ തവണ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിയത് ബി.ജെ.പി അധ്യക്ഷനായിരുന്ന അമിത് ഷായ്ക്ക് കനത്ത പ്രഹരം നല്‍കിക്കൊണ്ടായിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ട് പിടിച്ചെങ്കിലും തന്ത്രശാലിയായ അഹമ്മദ് പട്ടേല്‍ അമിത് ഷായെ തറപറ്റിച്ചു. രാഹുല്‍ പ്രഭാവത്തില്‍ പട്ടേല്‍ തിരശ്ശീലയ്ക്ക് പിന്നിലേക്ക് തള്ളിമാറ്റപ്പെട്ടെങ്കിലും രാജസ്ഥാനില്‍ സര്‍ക്കാര്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ ഹൈക്കമാന്‍ഡ് ആശ്രയിച്ചതും പട്ടേലിനെ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *