സത്യപ്രതിജ്ഞ ചെയ്ത് മൂന്നാംനാള്‍ ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി രാജിവച്ചു

പട്‌ന: സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മെവലാല്‍ ചൗധരി രാജിവച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് രാജി. നിരവധി അഴിമതിക്കേസുകള്‍ നേരിടുന്ന ചൗധരിയെ വീണ്ടും മന്ത്രിസഭയില്‍ അംഗമാക്കിയതിന് എതിരെ ആര്‍ജെഡി രംഗത്തുവന്നിരുന്നു.

ജെ.ഡി.യു അംഗമായ മേവാലാല്‍ ചൗധരി താരാപുര്‍ മണ്ഡലത്തില്‍നിന്നാണ് നിയമസഭയിലെത്തിയത്. ചൗധരിയെ 2017ല്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം, തനിക്കെതിരെ ചാര്‍ജ് ഷീറ്റോ കോടതി വിധിയോ ഇല്ലെന്ന് ചൗധരി പറഞ്ഞു. ഭഗല്‍പുര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കേ അനധികൃത നിയമനങ്ങള്‍ നടത്തിയെന്നാണ് മേവാലാലിനെതിരായ ആരോപണം.

സര്‍വകലാശാലയില്‍ ചട്ടവിരുദ്ധമായി അസി. പ്രൊഫസറെയും ജൂനിയര്‍ സയന്റിസ്റ്റിനെയും നിയമിച്ചെന്നായിരുന്നു കണ്ടെത്തല്‍. സംഭവത്തില്‍ വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് മേവാലാലിനെ നേരത്തെ ജെ.ഡി.യുവില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.

ചൗധരി ദേശീയ ഗാനം തെറ്റിച്ച്‌ ആലപിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ആര്‍.ജെ.ഡി പുറത്തുവിട്ടിരുന്നു. ദേശീയ ഗാനം പേലും ശരിയായി ആലപിക്കാന്‍ അറിയാത്ത ആളാണ് വിദ്യാഭ്യാസ മന്ത്രി എന്നായിരുന്നു ആര്‍. ജെ. ഡിയുടെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *