സര്‍ക്കാര്‍ ലീഗ് നേതാക്കളെ കേസില്‍ കുടുക്കുന്നു: മുസ്ലിം ലീഗ്

മലപ്പുറം: അന്വേഷണ ഏജന്‍സികളെ സംസ്ഥാന സര്‍ക്കാരും ദുരുപയോഗം ചെയ്യുകയാണെന്നും പ്രതിപട്ടിക തയാറാക്കി യു.ഡി.എഫ് നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ മത്സരിക്കുകയാണെന്നും ലീഗ് നേതാക്കള്‍.

പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുമാണ് ലീഗ് ഉന്നതാധികാര സമിതിക്കുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. ലീഗ് നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ കേസുകള്‍ കെട്ടിച്ചമക്കുകയാണെന്നും അവര്‍ പറഞ്ഞു.

സര്‍ക്കാറിനെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കാനാണ് പ്രതികാര രാഷ്ട്രീയം കളിക്കുന്നത്. കേവലം ആറുമാസം മാത്രം ആയുസുള്ള സര്‍ക്കാരാണിത് കാണിക്കുന്നത്. അധികാരം വിട്ടൊഴിയും മുമ്ബ് യു.ഡി.എഫ് നേതാക്കളെ കേസില്‍ കുടുക്കുന്നു. ഇതു നെറികെട്ട നിലപാടാണ്. ഇതിനു മുമ്ബ് ആരും ഇതുപോലെ ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസെടുത്താല്‍ തകരുന്ന പാര്‍ട്ടിയല്ല മുസ്‌ലിം ലീഗെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
എല്‍.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രഖ്യാപിച്ചതെന്നാണ് വ്യക്തമാകുന്നത്.

നേതൃത്വം പ്രതിപ്പട്ടിക തയാറാക്കി പൊലിസിനു നല്‍കുന്നു. അതുപ്രകാരം കേസെടുക്കുന്നു. രാഷ്ട്രീയ പ്രതികാരമാണിത്. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണിതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. എം.സി ഖമറുദ്ദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് നേതാക്കളുടെ പ്രതികരണം.
ഖമറുദ്ദീന്‍, കെ.എം ഷാജി എന്നിവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃയോഗം ഇന്ന് പാണക്കാട് ചേര്‍ന്നത്. യോഗത്തിലേക്ക് കെ.എം ഷാജി എം.എല്‍.എയെ വിളിപ്പിച്ചിരുന്നു. ഷാജിയുടെ വിശദീകരണത്തില്‍ പാര്‍ട്ടി തൃപ്തരാണെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *