ഗൂഗിള്‍ ഫോട്ടോസ് ഉപയോഗിക്കാന്‍ ഇനി പണം നല്‍കണം

ന്യൂഡല്‍ഹി: ജിമെയില്‍ ഉപയോക്താക്കള്‍ ആക്ടീവല്ലെങ്കില്‍ ഡിലീറ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി ഗൂഗിള്‍. 2021 ജൂണ്‍ മുതലാണ് പുതിയ പോളിസി ഗൂഗിള്‍ നടപ്പാക്കുന്നത്. രണ്ടുവര്‍ഷത്തിലധികമായി ആക്ടീവല്ലാത്തവരുടെ ജിമെയിലാണ് ആദ്യം ഡിലീറ്റ് ചെയ്യുക. തുടര്‍ന്ന് നിശ്ചിത സമയപരിധിക്കിടെ അക്കൗണ്ട് സന്ദര്‍ശിക്കാത്തവരുടെ പ്രൊഫൈലും ഒഴിവാക്കപ്പെടും. ജിമെയിലിന്‍റേത് ഉള്‍പ്പടെ പോളിസികളില്‍ വലിയ മാറ്റങ്ങളാണ് ഗൂഗിള്‍ വരുത്തിയിരിക്കുന്നത്.

ജിമെയിലിന് പുറമെ ഡോക്സ് ഷീറ്റുകള്‍, സ്ലൈഡുകള്‍, ഡ്രോയിങുകള്‍, ഫോമുകള്‍ തുടങ്ങിയ ഫയലുകളാണ് ഡിലീറ്റ് ചെയ്യുക. മുന്നറിയിപ്പായി നോട്ടിഫിക്കേഷന്‍ നല്‍കിയ ശേഷമായിരിക്കും ഇത് ഡിലീറ്റ് ചെയ്യുക. ജിമെയില്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയിലെ സ്റ്റോറേജ് രണ്ടുവര്‍ഷത്തിലധികമായി ഉപയോഗിക്കുന്നില്ലെങ്കിലും ഗൂഗിള്‍ അത് ഡിലീറ്റ് ചെയ്യും. ബുധനാഴ്ച കമ്ബനി പുറത്തിറക്കിയ പത്രകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ‘നിങ്ങളുടെ അക്കൌണ്ട് സജീവമായി നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗം വെബിലോ മൊബൈലിലോ ജിമെയില്‍, ഡ്രൈവ് അല്ലെങ്കില്‍ ഫോട്ടോസ് തുടങ്ങിയ ഗൂഗിള്‍ ആപ്പുകള്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കുക എന്നതാണ്’- ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ വ്യക്തമാക്കുന്നു. ഒരു നിശ്ചിത സമയത്തേക്ക് (3-18 മാസങ്ങള്‍ക്കിടയില്‍) നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിക്കുന്നത് നിര്‍ത്തുകയാണെങ്കില്‍ നിര്‍ദ്ദിഷ്ട ഉള്ളടക്കം നിയന്ത്രിക്കാനും വിശ്വസനീയമായ ഒരു കോണ്‍ടാക്റ്റിനെ അറിയിക്കാനുമായി സെറ്റിങ്ങ്സില്‍ മാറ്റം വരുത്താനും ഉപയോക്താവിന് സാധിക്കും.

ഗൂഗിള്‍ ഫോട്ടോസ് ഉപയോഗിക്കാന്‍ ഇനിമുതല്‍ പണം നല്‍കണമെന്നതാണ് മറ്റൊരു നിര്‍ദേശം. ഗൂഗിള്‍ ഫോട്ടോകളില്‍ 4 ട്രില്യണ്‍ ഫോട്ടോകള്‍ സംഭരിച്ചിട്ടുണ്ടെന്നും ഓരോ ആഴ്ചയും 28 ബില്ല്യണ്‍ പുതിയ ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്യുണ്ടെന്നും കമ്ബനി പറയുന്നു. ലോകമെമ്ബാടുമുള്ള നിരവധി ഉപയോക്താക്കള്‍ അവരുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ഫോട്ടോയായി സൂക്ഷിക്കുന്നു. ഫോണിലെടുക്കുന്ന ഫോട്ടോ ആന്‍ഡ്രോയ്ഡ് ഒ.എസ് ഉപയോഗിക്കുന്നവരില്‍ ഗൂഗിള്‍ ഫോട്ടോസില്‍ സേവ് ചെയ്യപ്പെടും. ഗൂഗിള്‍ പരിധിയില്ലാത്ത ഉയര്‍ന്ന നിലവാരമുള്ള സ്റ്റോറേജ് പോളിസി മാറ്റുന്നതായി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 15 ജിബി വരെ സ്റ്റോറേജ് ഗൂഗിള്‍ നല്‍കുന്നുണ്ട്. അതില്‍ കൂടുതല്‍ സ്റ്റോറേജ് ആവശ്യമുള്ളവര്‍ ഗൂഗിള്‍ വണ്ണില്‍ പുതിയ പ്ലാന്‍ പണം നല്‍കി സബ്സ്ക്രൈബ് ചെയ്യാവുന്നത്. 100 ജിബി മുതലുള്ള വിവിധ പ്ലാനുകള്‍ ഇവിടെ ലഭ്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *