കേസില്‍ കുടുക്കി അപമാനിക്കാനും ചെളി വാരിയെറിയാനും സി പി എം ശ്രമിച്ചു: കുമ്മനം

തിരുവനന്തപുരം: സംസ്ഥാനത്ത് ബി ജെ പി ഒറ്റക്കെട്ടാണെന്ന് മുന്‍ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ശോഭ സുരേന്ദ്രന്റെ വിമര്‍ശനത്തിന് പാര്‍ട്ടി പ്രസിഡന്റ് മറുപടി നല്‍കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനില്ല. പാര്‍ട്ടിയെ ആരും ദുര്‍ബലപ്പെടുത്തരുത്. പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്ക് തടസമാകുന്ന സമീപനം ഉണ്ടാകരുതെന്നാണ് നിലപാടെന്നും കുമ്മനം വ്യക്തമാക്കി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി ചുമതലയേറ്റെ‌ടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ പണമിടപാട് കേസില്‍ കുടുക്കിയ സംഭവത്തില്‍ പാര്‍ട്ടിയിലെ ആരും ഉള്‍പ്പെട്ടിട്ടില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. തന്നെ അപമാനിക്കാനും ചെളി വാരി എറിയാനും സി പി എമ്മാണ് ശ്രമിച്ചത്. മാഫിയ രാഷ്ട്രീയ കൂട്ടുകെട്ടാണ് ഇതിന് പിന്നില്‍. തനിക്കെതിരെ അവമതിപ്പ് സൃഷ്‌ടിക്കാനാണ് ഇത്തരമൊരു ഗൂഢാലോചന നടന്നത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തതോടെ തന്നെ പോലെയൊരു രാഷ്ട്രീയ നേതാവിനെ കേസില്‍ കുടുക്കണമെന്ന ദുരുദ്ദേശവും ഇതിന് പിന്നിലുണ്ടായിരുന്നു. തിടുക്കത്തില്‍ കേസെടുത്തത് അതിനാലാണെന്നും കുമ്മനം വ്യക്തമാക്കി.

ബിനീഷ് കോടിയേരിക്കും എം ശിവശങ്കറിനും എതിരായ അന്വേഷണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് രാഷ്ട്രീയമില്ല. ഇപ്പോള്‍ നടക്കുന്നത് സത്യസന്ധമായ അന്വേഷണമാണെന്നും കുമ്മനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *