കോൺഗ്രസിന് 100 എം.പി മാരെ തികച്ചു കാണിക്കാൻ കഴിയില്ല: നരേന്ദ്രമോദി

പട്‌ന: ഉപതെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസിനെ രൂക്ഷമായി പരിഹസിച്ച് നരേന്ദ്രമോദി. ലോക്സഭയും രാജ്യസഭയും ഒരുമിച്ചെടുത്താൽ പോലും കോൺഗ്രസിന് 100 എം.പി മാരെ തികച്ചു കാണിക്കാൻ കഴിയില്ലെന്നായിരുന്നു മോദിയുടെ പരിഹാസം.

കോൺഗ്രസിനെ ജനം പൂർണമായും തള്ളിക്കളഞ്ഞിരിക്കുന്നതായും മോദി അഭിപ്രായപ്പെട്ടു . ബിഹാറിലെ ഫോര്‍ബെസ്ഗഞ്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെയായിരുന്നു മോദിയുടെ പരാമർശം.

കോൺഗ്രസ്സ് ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ ഇന്ന് അവരുടെ സ്ഥാനം എവിടെയാണെന്ന് നോക്കൂ. രാജ്യസഭയും ലോക്സഭയും ഒരുമിച്ചെടുത്താൽ പോലും 100 അംഗങ്ങളെ ചൂണ്ടിക്കാണിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് കോണ്‍ഗ്രസ്. പറയുന്നതൊന്നും കോൺഗ്രസ് നടപ്പാക്കുന്നില്ല. ഒരു കോൺഗ്രസ് അംഗത്തെ പോലും പാർലമെന്റിലേക്ക് അയക്കാൻ കഴിയാത്ത സംസ്ഥാനങ്ങൾ കോൺഗ്രസിനുണ്ട്. മോദി പറഞ്ഞു.

9 ബി.ജെ.പി അംഗങ്ങള്‍ കൂടി പുതിയതായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് മോദി കോൺഗ്രസിനെതിരെ പരിഹാസം ചൊരിഞ്ഞത്. പുതിയ എം.പിമാരുടെ വരവോടെ ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ മാത്രമായി എന്‍.ഡി.എ 100 അംഗങ്ങളെ തികച്ചു. 242 അംഗ രാജ്യ സഭയില്‍ 38 സീറ്റ് മാത്രമാണ് നിലവിൽ കോണ്‍ഗ്രസിനുള്ളത്. കോൺഗ്രസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് രാജ്യസഭ എം.പിമാരാണ് നിലവിൽ സഭയിലുള്ളത്.

ലോക്സഭയിലെ സീറ്റുകൾ കൂടി ചേർത്താലും രണ്ട് സഭകളിലുമായി കോണ്‍ഗ്രസിന്റെ ആകെ എം.പിമാരുടെ എണ്ണം 89 മാത്രമാണ്. ബി.ജെ.പിക്ക് രാജ്യസഭയില്‍ മാത്രം 92 എം.പി മാർ നിലവിലുണ്ട്

Leave a Reply

Your email address will not be published. Required fields are marked *