മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ശിവശങ്കര്‍ ഇ ഡി കസ്റ്റഡിയില്‍

തിരുവനന്തപുരം: മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തു. ശിവശങ്കർ ചികിത്സയിലുള്ള വഞ്ചിയൂരിലെ ആയുർവേദ കേന്ദ്രത്തിലെത്തിയാണ് ഇഡി കസ്റ്റഡിയിലെടുത്തത്.

ഇഡിയും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസുകളിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഇത്. ജാമ്യാപേക്ഷ തള്ളി മിനിറ്റുകൾക്കകം ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോവുകയായിരുന്നു. കൊച്ചിയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് സൂചന. ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നുവെന്ന് അറിയിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.

ഇഡിയും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസുകളിലാണ് ശിവശങ്കറിന്റെ ജാമ്യം നിഷേധിച്ചത്. ശിവശങ്കർ തന്നെയാകാം സ്വർണക്കടത്ത് ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഏജൻസികൾ കോടതിയെ ബോധിപ്പിച്ചു. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ല. അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ല. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പറയുന്നത് തട്ടിപ്പാണ്. സ്വർണക്കടത്തുകേസിൽ ശിവശങ്കറിനെതിരായ നിർണായക തെളിവുകൾ ഇഡി കോടതിക്കു കൈമാറിയിരുന്നു. ‌സ്വപ്നയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണു സന്ദേശങ്ങളിൽനിന്നു വ്യക്തമാകുന്നത്. ശിവശങ്കറിന്റെ പദവിയും സ്വാധീനവും പരിഗണിക്കുമ്പോൾ തെളിവു നശിപ്പിക്കുമെന്ന ആശങ്കയുണ്ട്. വൻതോതിലുള്ള കമ്മിഷനാണു ലഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ സമൂഹത്തിനെതിരായ പ്രവർത്തനമാണെന്നു കസ്റ്റംസ് കോടതിയെ അറിയിച്ചു. ശിവശങ്കറിന്റെ വാദമുഖങ്ങൾ കോടതി തള്ളുകയായിരുന്നു. അന്വേഷണ ഏജൻസികൾ കഥ മെനയുകയാണെന്നാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്. സംഭവങ്ങൾ തെറ്റിദ്ധരിപ്പിക്കുംവിധം വളച്ചൊടിക്കുകയാണെന്നും വാദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *