കോണ്‍ഗ്രസ് നേതാവ് എം.പി. ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു

തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.പി. ഭാസ്‌കരന്‍ നായര്‍ (88) നിര്യാതനായി. ഡി.സി.സി മുന്‍ പ്രസിഡന്‍റും യു.ഡി.എഫ് മുന്‍ ജില്ല ചെയര്‍മാനുമാണ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായി സുഖമില്ലാതെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. പനമ്ബിള്ളി ഗോവിന്ദ മേനോന്‍, ടി.പി. സീതാരാമന്‍, കെ. കരുണാകരന്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു ഭാസ്‌കരന്‍ നായര്‍ അധികാര രാഷ്ട്രീയത്തില്‍ നിന്നും എന്നും അകലെയായിരുന്നു. നിര്യാണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി അഗാധ ദു:ഖം രേഖപ്പെടുത്തി. കോട്ടയം സ്വദേശിയായ ഭാസ്‌കരന്‍ നായര്‍ അളഗപ്പനഗറിനടുത്ത് വരാക്കരയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പെത്തി അവിടെ നിന്നാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുന്നത്. വരാക്കര വി.കെ. ഹൗസിലായിരുന്നു താമസം.

അച്ഛന്‍: കല്ലേലി മറ്റത്തില്‍ പരമേശ്വരന്‍ നായര്‍. അമ്മ: ജാനകിയമ്മ. ഭാര്യ: പരേതയായ ഭാര്‍ഗവിയമ്മ. മക്കള്‍: വി. സുരേഷ്‌കുമാര്‍(പരേതനായ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ മുന്‍ പേഴ്‌സണ്‍ സ്റ്റാഫ് അംഗം), വി. രാജീവ്കുമാര്‍ (ബിസിനസ്), വി. പ്രീത (ഖാദി അസോസിയേഷന്‍ എറണാകുളം). മരുമക്കള്‍: പ്രഭ (കല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്), ബിന്ദു (ചാലക്കുടി കാര്‍ഷിക ഗ്രാമവികസന ബാങ്ക്)വാസുദേവന്‍(കൊച്ചി റിഫൈനറി). 15 വര്‍ഷം ഡി.സി.സി വൈസ് പ്രസിഡന്റായിരുന്ന ഭാസ്‌കരന്‍ നായര്‍ അഞ്ച് വര്‍ഷം പ്രസിഡന്റ് സ്ഥാനം വഹിച്ചു. ബസ് ഉടമസ്ഥ സംഘം ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ സഹകരണ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റും നിലവിലെ പ്രസിഡന്‍റുമാണ്​. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വരാക്കര കരുവാന്‍പടിയിലെ വീട്ടവളപ്പില്‍

Leave a Reply

Your email address will not be published. Required fields are marked *