കേന്ദ്രം സാമ്ബത്തിക പാക്കേജ് പ്രഖ്യാപിക്കണം: മന്ത്രി കടകംപള്ളി

തിരുവനന്തപുരം; കോവിഡ് പ്രതിസന്ധിയില്‍ തകര്‍ച്ച നേരിടുന്ന രാജ്യത്തെ വിനോദസഞ്ചാരമേഖലയുടെ തിരിച്ചുവരവിന് കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ടൂറിസം മേഖലയുടെ തിരിച്ചുവരവിന് സമഗ്രമായ പദ്ധതി ആവശ്യമാണ്. ഇതിനായി ഈ രംഗത്തെ സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കുമായി പ്രത്യേക വായ്പാ പദ്ധതികളും സാമ്ബത്തിക ഉത്തേജന പാക്കേജുകളും പ്രഖ്യാപിക്കണം. കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേല്‍ വിളിച്ചു ചേര്‍ത്ത വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിനായി 465 കോടിയുടെ ഉത്തേജന പാക്കേജ് കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം സംരംഭകര്‍ക്കും ഈ മേഖലയിലെ തൊഴിലാളികള്‍ക്കും അംഗീകൃത ഗൈഡുകള്‍ക്കുമായുള്ള സബ്‌സിഡിയോടെയുള്ള വായ്പാപദ്ധതിയാണ് ഇതില്‍ പ്രധാനം. ഹൗസ്‌ബോട്ടുകളുടെ മെയിന്റനന്‍സിനായി 1.2 ലക്ഷം വരെ തിരിച്ചടവില്ലാത്ത പ്രത്യേക സാമ്ബത്തിക സഹായം അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ ടൂറിസം മേഖലയില്‍ പ്രത്യേക നികുതിയിളവുകളും സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി യോഗത്തെ അറിയിച്ചു.

ആഭ്യന്തര ടൂറിസം രംഗത്തിന്റെ ഉണര്‍വിനായി കേന്ദ്രം പ്രത്യേക മാര്‍ക്കറ്റിംഗ് ക്യാമ്ബയിന്‍ സംഘടിപ്പിക്കണം. ടൂറിസം മേഖലയിലെ പ്രതിസന്ധി അതിജീവിക്കാന്‍ കൂട്ടായ പരിശ്രമവും നിരന്തര ആശയവിനിമയവും ഇടപെടലും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ലോക്ക്ഡൗണ്‍ കാലയളവില്‍ വിദേശവിനോദസഞ്ചാരികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി നടത്തിയ നടപടികള്‍ അഭിനന്ദനാര്‍ഹമാണെന്നും യോഗത്തെ അഭിസംബോധന ചെയ്ത കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേല്‍ പറഞ്ഞു. സ്വന്തം രാജ്യത്തെക്കാള്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നത് കേരളത്തിലാണെന്നും ഇവിടെ തന്നെ തങ്ങുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദേശവിനോദസഞ്ചാരി ഹൈക്കോടതിയെ സമീപിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *