കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വരാനിരിക്കുന്ന ഉത്സവസീസണില്‍ ഉപഭോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനങ്ങള്‍. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. വൈകീട്ട് നടക്കുന്ന ജി.എസ്.ടി യോഗത്തിനുമുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടുതല്‍ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ടി.സി കാഷ് വൗച്ചര്‍ സ്‌കീം അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. 5,675 കോടിയാണ് ഇതിനായി നീക്കിവെയ്ക്കുന്നത്. പൊതുമേഖലയിലെ ബാങ്കുകളിലും സ്ഥാപനങ്ങളിലും എല്‍.ടി.സി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപയാണ് വകയിരുത്തുക.

സംസ്ഥാനങ്ങള്‍ക്ക് വായ്പ നല്‍കാനും തീരുമാനിച്ചു. 50 വര്‍ഷത്തേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ 12000 കോടി രൂപ പലിശരഹിത വായ്പ നല്‍കും. വിപണിയില്‍ 28000 കോടി രൂപയുടെ പണലഭ്യത ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. റോഡ്, നഗരവികസനം, ജലസേചനം എന്നിവയ്ക്ക് കൂടുതല്‍ തുക അനുവദിക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *