സംസ്ഥാനത്ത് സ്‌കൂളുകൾ ഉടൻ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ ഉടൻ തുറക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സാഹചര്യം അനുകൂലമാവുമ്പോൾ സ്‌കൂളുകൾ തുറക്കും. അതുവരെ ഓൺലൈൻ ക്ലാസുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബിയുടെ ധനസഹായത്തോടെയാണ് ഹൈടെക് സ്മാർട്ട് ക്ലാസ് പദ്ധതി യാഥാർഥ്യമാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന പദ്ധതിയുടെ നിർവഹണ ഏജൻസി കൈറ്റ് ആണ്. 16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട്ട് ക്ലാസ് റൂം പദ്ധതിക്കായി വിതരണം ചെയ്തത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ 4752 സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാം ഘട്ടത്തിൽ സജ്ജമാക്കി. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബും തയാറാക്കി. കിഫ്ബി ധനസഹായത്തിന് പുറമേ ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടും തദ്ദേശസ്ഥാപന ഫണ്ടും പദ്ധതിക്കായി പ്രയോജനപ്പെടുത്തി. നൂതനമായ പഠന സംവിധാനങ്ങൾ ഉപയോഗിച്ച് പഠിച്ചു വളരാനുള്ള സൗകര്യം ഇതോടെ സംസ്ഥാനത്തെ എല്ലാ കുഞ്ഞുങ്ങൾക്കും ലഭ്യമാകുന്ന സ്ഥിതിവിശേഷം സംജാതമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *