ബിപ്ലബിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം: ബിജെപി എംഎല്‍എമാര്‍

ന്യൂഡല്‍ഹി: ബിപ്ലബ് കുമാര്‍ ദേബിനെ ത്രിപുര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എമാർ. ഏഴ് എംഎൽഎമാരാണ് പരാതിയുമായി ഡൽഹിയിലെത്തിയത്. ബിപ്ലബിന്‍റേത് ഏകാധിപത്യ ശൈലിയാണെന്നും വേണ്ടത്ര ഭരണ പരിചയമില്ലെന്നും ജനപ്രീതിയില്ലെന്നുമാണ് എംഎൽഎമാരുടെ വിമർശനം.

സുധിപ് റോയ് ബർമന്‍റെ നേതൃത്വത്തിലാണ് ബിജെപി എംഎൽഎമാർ ദേശീയ നേതൃത്വത്തെ കാണാനെത്തിയത്. സുശാന്ത ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവ ചന്ദ്ര, ബർബ് മോഹൻ, പരിമൾ ദേബ്, റാം പ്രസാദ് എന്നിവരാണ് ഡൽഹിയിലെത്തിയ മറ്റ് ബിജെപി എംഎൽഎമാരെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ബിരേന്ദ്ര കിഷോർ, ബിപ്ലബ് ഘോഷ് എന്നീ രണ്ട് എംഎൽഎമാരുടെ പിന്തുണയും തങ്ങൾക്ക് ഉണ്ടെന്നും കോവിഡ് ബാധിച്ചതിനാലാണ് അവർ വരാതിരുന്നതെന്നും വിമത എംഎൽഎമാർ അവകാശപ്പെടുന്നു.

അമിത് ഷാ, ജെ പി നദ്ദ എന്നീ നേതാക്കളെ കണ്ട് ത്രിപുരയിലെ അവസ്ഥ ധരിപ്പിക്കുമെന്ന് എംഎൽഎമാർ അറിയിച്ചു. പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാനും ഇവർ ആലോചിക്കുന്നുണ്ട്. ത്രിപുരയിൽ ബിജെപിക്ക് ഭരണത്തുടർച്ച വേണമെങ്കിൽ ബിപ്ലബ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് എംഎൽഎമാർ പറയുന്നത്. എംഎല്‍എമാരെ വിശ്വാസത്തിലെടുക്കാതെ വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി കൈവശപ്പെടുത്തിയിരിക്കുകയാണ്. റിക്ഷ തൊഴിലാളികള്‍ മുതല്‍ വ്യവസായികള്‍ വരെ മുഖ്യമന്ത്രിയുടെ ഭരണത്തിൽ അതൃപ്തരാണെന്നും എംഎൽഎമാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *