യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ്

ബംഗളൂരു: അഴിമതി ആരോപണത്തിൽ കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്. മുഖ്യമന്ത്രിക്കും കുടംബാംഗങ്ങൾക്കുമെതിരായി 662 കോടി രൂപയുടെ അഴിമതി ആരോപണമുയർന്ന സാഹചര്യത്തിലാണ് യെദ്യൂരപ്പ രാജിവെയ്ക്കണമെന്ന് കോൺഗ്രസ്സ് ആവശ്യപെട്ടത്.

‘ബി ജെ.പിക്കോ മുഖ്യമന്ത്രിക്കോ ലജ്ജയുണ്ടെങ്കിൽ യെദ്യൂരപ്പ രാജിവയ്ക്കുകയോ അദ്ദേഹത്തെ പുറത്താക്കുകയോ വേണം, അഴിമതിയിൽ മുങ്ങി നിൽക്കുന്ന സർക്കാരാണ് കർണാകയിലെ ബി.ജെ.പി ഗവൺമെന്റ്’ കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു.

ബാംഗ്ലൂർ വികസന അതോറിറ്റി കോണ്ട്രാക്ടറുടെ കയ്യിൽ നിന്നും യെദ്യൂരപ്പയുടെ മകൻ ബി.വൈ.വിജയേന്ദ്ര കൈക്കൂലി വാങ്ങിയെന്ന പ്രതിപക്ഷ ആരോപണത്തെ മുൻനിർത്തിയാണ് സിംഗ്വിയുടെ വിമർശനം. യെദ്യൂരപ്പയുടെ മകനും ചെറുമകനും ഉൾപ്പെട്ട ആരോപണവിധേയമായ സംഭവത്തിൽ വാട്സ്ആപ്പ് ഓഡിയോയും സംഭാഷണ തെളിവുകളും ലഭിച്ചു. അഴിമതിയിൽ നേരിട്ട് പങ്കുണ്ടെന്ന് മനസിലാക്കി. എന്നിട്ടും എന്തുകൊണ്ടാണ് ഇതുവരെ പരാതിയും നടപടികളും സ്വീകരിക്കാത്തത്..? കൈക്കൂലി വാങ്ങിയവരും കൊടുത്തവരും നിങ്ങളുടെ മുന്നിൽ തന്നെയുണ്ട്…! എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം ക്രിമിനൽ നടപടികൾക്ക് വിധേയനാ കാത്തത്? കർണാടക മുഖ്യമന്ത്രിക്ക് എന്തെങ്കിലും പ്രത്യേക പ്രിവിലേജ് ഉണ്ടോ? അദ്ദേഹം ചോദിച്ചു.

സ്വന്തം വീട്ടിൽ അഴിമതി നടക്കുമ്പോൾ മറ്റുള്ളവരുടെ വീട്ടിൽ പ്രധാനമന്ത്രി കാവൽ നിൽക്കുന്നത് നിർഭാഗ്യകരമാണ്. യെദ്യൂരപ്പയുടെ കാര്യത്തിൽ ഈ കാവൽക്കാരൻ ഉറങ്ങുന്നത് എന്തുകൊണ്ടാണ്? പ്രധാനമന്ത്രിയെ പരിഹസിച്ച് കൊണ്ട് മനു സിംഗ്വി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *