എസ്.എന്‍ ട്രസ്റ്റ്: വെള്ളാപ്പള്ളി വീണ്ടും സെക്രട്ടറി

ചേര്‍ത്തല: എസ്.എന്‍ ട്രസ്റ്ര് സെക്രട്ടറിയായി തുടര്‍ച്ചയായ ഒന്‍പതാം തവണയും വെള്ളാപ്പള്ളി നടേശന്‍ തിരഞ്ഞെടുക്കപ്പെട്ടു. ട്രസ്റ്ര് ചരിത്രത്തില്‍ മറ്റാര്‍ക്കും കൈവരിക്കാനാവാത്ത വിജയമാണിത്. ഡോ.എം.എന്‍.സോമനാണ് ചെയര്‍മാന്‍.

ചേര്‍ത്തല എസ്.എന്‍ കോളേജ് ആഡി​റ്റോറിയത്തിലായിരുന്നു തിരഞ്ഞെടുപ്പ്. അസിസ്റ്റന്റ് സെക്രട്ടറിയായി തുഷാര്‍ വെള്ളാപ്പള്ളിയെയും ട്രഷററായി ഡോ.ജി. ജയദേവനെയും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: അജി എസ്.ആര്‍.എം,മോഹന്‍ ശങ്കര്‍, എന്‍.രാജേന്ദ്രന്‍, കെ.പത്മകുമാര്‍, എ.സോമരാജന്‍, കെ.ആര്‍.ഗോപിനാഥ്, പി.എം.രവീന്ദ്രന്‍,സന്തോഷ് അരയാക്കണ്ടി, മേലാങ്കോട് സുധാകരന്‍.

1996 ഡിസംബറിലാണ് വെള്ളാപ്പള്ളി നടേശന്‍ ആദ്യമായി എസ്.എന്‍ ട്രസ്റ്രിന്റെ സെക്രട്ടറിയായത്. കൊല്ലത്ത് നടന്ന യോഗത്തില്‍ ഏകകണ്ഠമായാണ് വെള്ളാപ്പള്ളിയെ തീരുമാനിച്ചത്. തുടര്‍ന്ന് മൂന്നു വര്‍ഷം കൂടുമ്ബോള്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരമില്ലാതെയാണ് സെക്രട്ടറി പദത്തിലെത്തിയത്. 1997 ല്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായി. ഡോ.എം.എന്‍.സോമന്‍ നാലാം തവണയാണ് ട്രസ്റ്റ് ചെയര്‍മാനാകുന്നത്. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റുമാണ്. യോഗം വൈസ് പ്രസിഡന്റായ തുഷാര്‍ വെള്ളാപ്പള്ളിയും നാലാം തവണയാണ് അസി.സെക്രട്ടറിയാവുന്നത്. ഡോ. ജി. ജയദേവന്‍ ഏഴാം തവണയാണ് ട്രഷറര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *