തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ കർശന നിയന്ത്രണം വേണമെന്നാണ് ജില്ലാ ഭരണകൂടം

തിരുവനന്തപുരം: കോവിഡ്‌ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ ഭരണകൂടം.

തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ കർശന നിയന്ത്രണം വേണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട്.  ഇതുസംബന്ധിച്ച റിപ്പോർട്ട് കളക്‌ടർ സംസ്ഥാന സർക്കാരിന് കൈമാറി.

തലസ്ഥാന ജില്ലയിൽ അവശ്യ സേവനങ്ങൾ മാത്രമെ അനുവദിക്കാവു എന്നാണ് പ്രധാന നിർദേശം. പൊതുഗതാഗതം അനുവദിക്കില്ല. സ്ഥാപനങ്ങളിൽ അമ്പത് ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കാവൂവെന്നും നിലവിൽ ഏർപ്പെടുത്തുന്ന മൈക്രൊ കണ്ടെയ്‌ൻമെന്റ് സോണുകൾ ഫലപ്രദമല്ലെന്നും ജില്ലാ ഭരണകൂടം വിലയിരുത്തുന്നുണ്ട്. രോഗ വ്യാപനം ശ്രദ്ധയിൽപ്പെടുമ്പോൾ അതാത് പ്രദേശങ്ങളിൽ മാത്രം കണ്ടെയ്ൻമെന്റ് സോണുകൾ പരിമിതപ്പെടുത്തുന്നതിന് പകരം വാർഡ് അടിസ്ഥാനത്തിൽ തന്നെ നിയന്ത്രണം വേണമെന്നാണ് ജില്ലാ ഭരണകൂടുത്തിന്റെ ആവശ്യം.

സംസ്ഥാനത്തെ ആകെ കൊവിഡ് സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. അതിന് മുന്നോടിയായാണ് കർശന നിയന്ത്രണം ആവശ്യപ്പെടുന്ന നിർദേശങ്ങൾ തിരുവനന്തപുരം ജില്ലാഭരണകൂടം മുന്നോട്ട് വയ്‌ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *