മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്കാരം സമ്മാനിച്ചു

പാലക്കാട്∙ കേ‍ാവിഡ് സാഹചര്യത്തില്‍ ശക്തമായ സുരക്ഷാസംവിധാനങ്ങളേ‍ാടെ രാജ്യത്തെ പരമേ‍ാന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം മഹാകവി അക്കിത്തത്തിന് അദ്ദേഹത്തിന്റെ കുമരനെല്ലൂരിലെ വീടായ ദേവായനത്തിൽ ലളിതമായ ചടങ്ങിൽ സമ്മാനിച്ചു. വീടിനേ‍ാടുചേർന്ന് തയാറാക്കിയ പ്രത്യേകവേദിയിൽ നടന്ന പ്രൗഢമായ ചടങ്ങിലായിരുന്നു മലയാളത്തിന്റെ മഹാഭാഗ്യമായ കവിക്ക് മന്ത്രി എ.കെ.ബാലൻ പുരസ്കാരം സമ്മാനിച്ചത്. രേ‍ാഗപ്രതിരേ‍ാധചട്ടമനുസരിച്ചു കർശന വ്യവസ്ഥകളോടെയായിരുന്നു പരിപാടി.

മുഖ്യമന്ത്രി പിണറായി വിജയൻ ഒ‍ാൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാരസമർപ്പണം നടത്തി. നിരുപാധികസ്നേഹമാണ് അക്കിത്തത്തിന്റെ കവിതകളുടെ അടിസ്ഥാനശിലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവിതബേ‍ാധവും പരിസ്ഥിതിബേ‍ാധവും മാനുഷിക തലവും അദ്ദേഹം എന്നും ഉയർത്തിപിടിച്ചു. ദർശനങ്ങൾകെ‍ാണ്ട് ഋഷിതുല്യനായ കവിയാണ് അക്കിത്തം. 20 ാം നൂറ്റാണ്ടിന്റെ ഇതിഹാസം കമ്യൂണിസ്റ്റ് വിരുദ്ധകവിതയെന്ന വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ വൈലേ‍‍ാപ്പള്ളിയുടെ കുടിയൊഴിപ്പിക്കലുമായി കൂട്ടിവായിക്കേണ്ട കൃതിയാണ് അതെന്നു മനസിലാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജ്ഞാനപീഠംപുരസ്കാരസമിതി ചെയർപേഴ്സൻ പ്രതിഭാറായി, സമിതി ഡയറക്ടർ മധുസൂദനൻ ആനന്ദ്, എം,ടി,വാസുദേവൻ നായർ, ഇ.ടി.മുഹമ്മദ് ബഷീർ എംപി എന്നിവർ ഒ‍ാൺലൈനായി കവിക്ക് ആശംസ നേർന്നു. പുരസ്കാരം സ്വീകരിച്ച് അക്കിത്തത്തിന്റെ മകൻ വാസുദേവൻ മറുപടി പ്രസംഗം വായിച്ചു. സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖൻ, അക്കാദമിസെക്രട്ടറി ഡേ‍ാ. കെ.പി.മേ‍ാഹനൻ, കവി പ്രഭാവർമ, മാടമ്പ് കുഞ്ഞുക്കുട്ടൻ, ഡേ‍ാ. ചാത്തനാത്ത് അച്യുതനുണ്ണി, പി.പി.രാമചന്ദ്രൻ, പി.സുരേന്ദ്രൻ, വി.ടി.വാസുദേവൻ, പ്രഫ. എം.എം.നാരായണൻ, ആലങ്കേ‍ാട് ലീലാകൃഷ്ണൻ, തൃത്താല എംഎൽഎ വി.ടി.ബൽറാം, ജ്ഞാനപീഠം പുരസ്കാരസമിതി പ്രതിനിധികൾ, കപ്പൂർഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ, സാംസ്കാരിക വകുപ്പ് സെക്രട്ടറി ആർ.സദാശിവൻനായർ, ജില്ലാകലക്ടർ ഡി.ബാലമുരളി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

ജ്ഞാനപീഠപുരസ്കാര സമ്മാന ചടങ്ങിൽ അക്കിത്തത്തെ കാലിഗ്രാഫിയിൽ വിവിധഭാഷകളിൽ അദ്ദേഹത്തിന്റെ പേര് ആലേഖനം ചെയ്ത ഷാളുമണിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *