പാലാരിവട്ടം പാലത്തിന്റെ നിർമാണം ഉടൻ: മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.ശ്രീധരനുമായി ഇക്കാര്യം സംസാരിച്ചു. നിർമാണ മേൽനോട്ടം ഏറ്റെടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചെന്നും നിർമാണം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 8 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാകും എന്നാണ് ഇ.ശ്രീധരൻ പറഞ്ഞത്.

നിർമാണം പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ പാലത്തിൽ വിള്ളൽവന്നു. ഗുരുതരമായ അപാകത കണ്ടെത്തിയതിനെത്തുടർന്നു പരിശോധിക്കാൻ ഇ.ശ്രീധരനെയും മദ്രാസ് ഐഐടിയെയും ചുമതലപ്പെടുത്തി. പാലത്തിന് അടിസ്ഥാനപരമായി ബലക്ഷയം ഉണ്ടായെന്നും കേവല പുനരുദ്ധാരണം പാലത്തെ ശക്തിപ്പെടുത്തില്ലെന്നും ഇ.ശ്രീധരൻ റിപ്പോർട്ട് നൽകി. പാലം പൊളിച്ചു പണിയണമെന്നും നിർദേശിച്ചു. ആ നിർദേശം സർക്കാർ സ്വീകരിച്ചു.

പാലം പൊളിക്കുന്നതിനുള്ള ചുമതല ശ്രീധരനു നൽകി. ഈ ഘട്ടത്തിലാണ് ചിലർ ഹൈക്കോടതിയെ സമീപിച്ചത്. ഭാരപരിശോധന എന്ന നിർദേശം ഹൈക്കോടതി അംഗീകരിച്ചു. ജനത്തിന്റെ സുരക്ഷയെ കരുതി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കോടതി സർക്കാരിന്റെ വാദം അംഗീകരിച്ചു. സമയബന്ധിതമായി പദ്ധതി നടപ്പിലാക്കും

പാലം പണിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം അന്തിമഘട്ടത്തിലാണ്. അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല. നഗ്നമായ അഴിമതിയാണ് നടന്നത്. യുഡിഎഫ് ഭരണത്തിൽ നടന്ന അഴിമതികളിൽ ഒന്നു മാത്രമാണിത്. കുറ്റം ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഖജനാവ് കൊള്ളയടിച്ചവരെ കൊണ്ട് കണക്കുപറയിക്കുമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *