കാര്‍ഷിക ബില്‍ ചര്‍ച്ചക്കിടെ പ്രതിഷേധിച്ച 8 എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: കാര്‍ഷിക പരിഷ്കരണ ബില്ല് രാജ്യസഭയില്‍ പാസ്സാക്കുന്നതിനിടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തു. എളമരം കരീം, കെ കെ രാഗേഷ് എന്നിവരടക്കം 8 എംപിമാരെയാണ് ഒരാഴ്ച്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടി ചെയര്‍മാനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നല്‍കിയ നോട്ടീസ് സഭ തളളി. സസ്പെന്‍ഡ് ചെയ്ത എംപിമാര്‍ നടുത്തളത്തില്‍ പ്രതിഷേധം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറിക് ഒബ്രിയാന്‍, ഡോല സെന്‍, കോണ്‍ഗ്രസ് എംപിമാരായ രാജീവ് സതാവ്, റിബുന്‍ ബോറ, സയ്യിദ് നസീര്‍ ഹുസൈന്‍, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭ സസ്പെന്‍ഡ് ചെയ്തത്. സഭയുടെ അന്തസ്സിന് നിരക്കാത്ത രീതിയില്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇവര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.

ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണിനെതിരെ പ്രതിപക്ഷം അവിശ്വാസം പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും അംഗീകരിക്കാനാകില്ലെന്ന് അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. കാര്‍ഷിക പരിഷ്കരണ ബില്‍ പാസ്സാക്കുന്ന ഘട്ടത്തിലായിരുന്നു സഭയില്‍ പ്രതിപക്ഷ ബഹളം. ബില്ല് വോട്ടിനിടണമെന്ന ആവശ്യം ഡെപ്യൂട്ടി ചെയര്‍മാന്‍ അംഗീകരിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഡെപ്യൂട്ടി ചെയര്‍മാന്‍റെ മുഖത്തേക്ക് റൂള്‍ ബുക്ക് വലിച്ചെറിഞ്ഞതും മോശം വാക്കുകള്‍ ഉപയോഗിച്ച് മുദ്രാവാക്യം മുഴക്കിയതും ദൌര്‍ഭാഗ്യകരമായ സംഭവമാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. സസ്പെന്‍ഷനിലായ എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ പല തവണ സഭാ നടപടി തടസ്സപ്പെട്ടു. ഒടുവില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *