പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെക്കാന്‍ മാധ്യമങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെക്കാന്‍ മാധ്യമങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. ദേശസുരക്ഷ അംഗീകരിക്കുമ്ബോഴും ഒരു വ്യക്തിയുടെ വ്യക്തിപരമായ അവകാശങ്ങളും അംഗീകരിപ്പെടേണ്ടതാണെന്ന് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു.

വൈവിധ്യങ്ങള്‍ നിറഞ്ഞ, യോജിപ്പുള്ള രാഷ്ട്രമാണ് ആവശ്യമെന്നും ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. യുപിഎസ് സി ജിഹാദെന്ന് ആരോപിച്ച്‌ സുദര്‍ശന്‍ ടി വി സംപ്രേക്ഷണം ചെയ്യുന്ന ബിന്ദാസ് ബോല്‍ എന്ന പരിപാടിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മുസ്ലിംകള്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് ‘നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്’ പുറത്തുകൊണ്ടുവരും എന്ന് അവകാശപ്പെട്ടുകൊണ്ടാണ് പരിപാടിയുടെ പ്രൊമോ പുറത്തിറക്കിയത്.

”വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരാം, അതിന്റെ പേരില്‍ സമുദായത്തെ താറടിക്കുന്നത് അനുവദിക്കാനാവില്ല. അവരെ ഒറ്റപ്പെടുത്തുന്നതും അനുവദനീയമല്ല.” കോടതി അഭിപ്രായപ്പെട്ടു.

”അവര്‍ സിവില്‍ സര്‍വീസില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ ഐഎസ് എന്നാണു കാണുന്നത്. മുസ്ലിംകള്‍ സിവില്‍ സര്‍വീസില്‍ ചേരുന്നത് വലിയ ഗൂഢാലോചനയാണെന്നാണ് നിങ്ങള്‍ പറയുന്നത്. അതാണ് പ്രശ്‌നം. ഇത്തരത്തില്‍ ഒരു സമുദായത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് അനുവദിക്കാനാവുമോ? ”- ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.

എല്ലാവരും അജന്‍ഡയുടെ ഭാഗമാണ് എന്നു പറയുന്നത് വിദ്വേഷ പ്രചാരണമാണെന്ന് കോടതി പറഞ്ഞു. അഭിപ്രായ പ്രകടനം ഇവിടെ വിദ്വേഷ പ്രചാരണമായി മാറുകയാണ്. ഒരു സമുദായത്തിലെ എല്ലാവരെയും നിങ്ങള്‍ക്കു താറടിച്ചു കാണിക്കാനാവില്ല. ഭീകര സംഘടനകളുടെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സ്ഥാപനത്തെക്കുറിച്ച്‌ വാര്‍ത്ത കൊടുക്കുന്നതില്‍ കോടതിക്ക് എതിര്‍പ്പില്ല. അത് അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനമാണ്. എന്നാല്‍ എല്ലാ മുസ്ലിംകളും യുപിഎസിയിലേക്ക് ഈ അജന്‍ഡയുമാണ് എത്തുന്നത് എന്നു പറയാനാവില്ല- കോടതി വ്യക്തമാക്കി.

കേസില്‍ തിങ്കളാഴ്ച തുടര്‍ വാദം കേള്‍ക്കും. അതുവരെ പരിപാടി സംപ്രേഷണം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *