ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മതത്തെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നു: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ സിപിഎം മതത്തെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. വിവാദത്തിലേക്ക് ഖുര്‍ആനെ വലിച്ചിഴക്കാനുള്ള ആസൂത്രിത നീക്കമാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആരോപണവിധേയനായ മന്ത്രി രാജിവെക്കണമെന്ന് പറയുമ്ബോള്‍ അടിച്ചൊതുക്കുന്നതും മതപരമായ വികാരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതും ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

“കേരളീയര്‍ മണ്ടന്മാരൊന്നുമല്ല. ഇതൊരു വെള്ളരിക്കപ്പട്ടണവുമല്ല. ജനങ്ങള്‍ക്ക് കാര്യങ്ങളെല്ലാം മനസ്സിലാവും. അതെങ്കിലും തിരിച്ചറിയാന്‍ ഇടതുമുന്നണി നേതാക്കള്‍ക്ക് കഴിയണം. ബിജെപിക്ക് മുതലെടുക്കാന്‍ അവസരമുണ്ടാക്കുകയാണ് സിപിഎം ചെയ്യുന്നത്. ആവശ്യമില്ലാതെ പലതരം കാര്യങ്ങള്‍ കൊണ്ടുവന്ന് അത് ചര്‍ച്ചയാക്കി തടിയൂരാന്‍ നോക്കുകയാണ്. ബിജെപിയെ വലുതാക്കാന്‍ വേണ്ടി നോക്കുന്നത് ഇടതുമുന്നണിയാണ്.” കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആക്ഷേപം ഉണ്ടായതും ആരോപണം ഉയര്‍ന്നതും സ്വര്‍ണക്കടത്തിനെ കുറിച്ചാണ്. ആരോപണങ്ങള്‍ക്ക് നേരെ ചൊവ്വെ മറുപടി പറയണം. സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച്‌ ഒന്നും പറയാതെ ഖുര്‍ആനും ഇഫ്താര്‍ കിറ്റും എല്ലാം ചര്‍ച്ചയാക്കുന്നത് ശരിയായ നടപടി അല്ല. മുസ്ലീം ലീഗ് ആ കെണിയില്‍ വീഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *