പെരിയ ഇരട്ടക്കൊല: സി.ബി.ഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ അട്ടിമറിക്കാന്‍ പുതിയശ്രമവുമായി സംസ്ഥാന സര്‍ക്കാര്‍. സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് നീക്കം.

സി.ബി.ഐ അന്വേഷണം ഈ കേസില്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് ലക്ഷങ്ങളായിരുന്നു. സുപ്രിം കോടതിയിലെ മുന്‍ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍മാര്‍ക്കടക്കം 88 ലക്ഷത്തോളം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത്. ഇതിനെതിരേ വലിയ വിമര്‍ശനമുയര്‍ന്നിരുന്നുവെങ്കിലും ഇതൊന്നും കാര്യമാക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു.

ഇതിനു പിന്നാലെയാണ് കേസ് സി.ബി.ഐക്ക് കൈമാറാതിരിക്കാന്‍ വല്ലപഴുതുമുണ്ടോ എന്നറിയാനുള്ള രംഗ പ്രവേശം.സുപ്രിം കോടതിയില്‍ പുതിയ ഹരജിയുമായാണ് സംസ്ഥാന സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. സിംഗില്‍ ബഞ്ചാണ് ആദ്യം കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നാലെ ഡിവിഷന്‍ ബഞ്ചും ഇതെ ആവശ്യം ആവര്‍ത്തിച്ചു. എന്നിട്ടും പൊലിസ് സി.ബി.ഐയോട് സഹകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ഡി.ജി.പിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും പല തവണ സി.ബി.ഐ കേസ് രേഖകള്‍ തേടി കത്ത് നല്‍കിയിട്ടും കേസ് ഡയറിയോ മറ്റ് രേഖകളോ പൊലിസ് നല്‍കിയിട്ടില്ലെന്നും പരാതിയുണ്ട്.

കേസില്‍ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കാത്തതിനാല്‍ അത് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. 2019 ഫിബ്രവരി 17-നായിരുന്നു കാസര്‍കോട്ട് കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.

സുപ്രിം കോടതിയില്‍ പുതിയ ഹരജിക്കെതിരേ തടസ്സ ഹരജി നല്‍കുമെന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *