സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബിവറേജസ് കോര്‍പറേഷന്റെ ഉത്തരവ് പുറത്തിറങ്ങി. ബെവ്ക്യു ആപ്പ് വഴി നല്‍കുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകള്‍ക്കും ഔട്ട്‌ലെറ്റുകള്‍ക്കും മദ്യം നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്‍കി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കാനാണ് പുതിയ സര്‍ക്കുലര്‍.

സംസ്ഥാനത്ത് ഇനി മുതല്‍ മദ്യ വില്‍പ്പനശാലകള്‍ക്കും ബാറുകള്‍ക്കും അതത് ദിവസത്തെ ടോക്കണിന് ആനുപാതികമായി മദ്യം വിതരണം ചെയ്യണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇത് നടപ്പാക്കാനായി വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതല്‍ ഒമ്ബതു വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്ത ടോക്കണുകളും മദ്യവില്‍പ്പനയും തമ്മില്‍ വലിയ അന്തരം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം.

മദ്യക്കമ്ബനികള്‍ വിതരണം കുറച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാനാണ് ഈ നിയന്ത്രണമെന്നാണ് സൂചന. വില ഉയര്‍ത്തി നല്‍കണമെന്ന കമ്ബനികളുടെ ആവശ്യം പരിഗണിക്കാതായതോടെയാണ് സംസ്ഥാനത്തേക്കുള്ള മദ്യവിതരണത്തിന്റെ ഏതാണ്ട് 70 ശതമാനത്തോളം കുറച്ചത്.

ജനുവരിയില്‍ നടക്കേണ്ട ടെന്‍ഡര്‍ നടപടികള്‍ ജൂലായിലാണ് നടന്നത്. വന്‍തുക ഫീസ് കെട്ടിവച്ച്‌ കമ്ബനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതോടെ പുതിയ കമ്ബനികള്‍ക്ക് മദ്യവിതരണത്തിനുള്ള അവസരവും ഇല്ലാതാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *