സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഡ്‌ വാക്‌സിന്‍ പരീക്ഷണം നിർത്തി

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ്‌
വാക്സിനുള്ള ഇന്ത്യ ട്രയലുകള്‍ നിർത്തി വച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.

ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) യുടെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതുവരെ കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ഓക്‌സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ്‌ വാക്‌സിന്‍ പരീക്ഷണം മറ്റു രാജ്യങ്ങളില്‍ നിര്‍ത്തിവെച്ചത് അറിയിക്കാത്തതിനെ സംബന്ധിച്ചാണ് നോട്ടീസെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷണത്തിന് വിധേയരാകുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കാത്തത് എന്തുകൊണ്ടാണെന്നും നോട്ടീസില്‍ ചോദിച്ചിട്ടുണ്ട്. വ്യക്തമായ കാരണം വിശദമാക്കണമെന്നും അല്ലാത്തപക്ഷം നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വിജി സോമനി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ച നോട്ടീസിൽ പറയുന്നത്.

കഴിഞ്ഞദിവസമായിരുന്നു ഓക്‌സ്ഫഡ് അസ്ട്രാസെനെക വിവിധ രാജ്യങ്ങളിലെ മരുന്ന് പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. വാക്സിൻ പരീക്ഷണത്തിന് വിധേയനായ ഒരാള്‍ക്ക് അജ്ഞാത അസുഖം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇന്ത്യയിലെ വാക്‌സിന്‍ പരീക്ഷണത്തെ ഇത് ബാധിക്കില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുകയും പരീക്ഷണം തുടരുകയാണെന്നും പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഡി.സി.ജി.ഐ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് വിശദീകരണം തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *