മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനെതിരെ വണ്ടിചെക്ക് കേസ്‌

കാസര്‍കോട്‌: ജ്വല്ലറി തട്ടിപ്പ് കേസില്‍ പ്രതിയായ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനെതിരെ വണ്ടിചെക്ക് കേസും. ഖമറുദ്ദീന്‍ ചെയർമാനായ ഫാഷൻ ഗോൾഡിൽ 70 ലക്ഷം രൂപ നിക്ഷേപിച്ച രണ്ട് പേർക്ക് വണ്ടിചെക്ക് നൽകിയ കേസിൽ കോടതി സമൻസ് അയച്ചു. കള്ളാർ സ്വദേശികളായ സഹോദരന്മാരുടെ പരാതിയിലാണ് കേസ്.

ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചത്. ജ്വല്ലറി അടച്ചുപൂട്ടിയതിനെ തുടർന്ന് പണം തിരിച്ചു ചോദിച്ചപ്പോൾ ചെക്ക് നൽകുകയും പണം ഇല്ലാത്തതിനെ തുടർന്ന് ചെക്ക് മടങ്ങുകയും ചെയ്തതിനെ തുടർന്ന് പരാതിക്കാർ കോടതിയെ സമീപിക്കുകയായിരുന്നു.

ഡിസംബറിൽ ഹാജരാകാൻ ഖമറുദ്ദീന് കോടതി നിർദേശം നൽകി. ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള ഏഴ് പേർ ചന്തേര പൊലീസിൽ എംഎൽഎക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ വഞ്ചനാക്കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *