കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

പത്തനംതിട്ട : ആറൻമുളയിൽ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കോവിഡ് രോഗിയെ പീഡിപ്പിച്ചു. യുവതിയെ ആശുപത്രിയിലെത്തിക്കാൻ ചുമതലപ്പെടുത്തിയ ആംബുലന്‍സ് ഡ്രൈവറാണ് പീഡിപ്പിച്ചത്. കായംകുളം സ്വദേശി നൌഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നൌഫലിനെതിരെ തെളിവുകള്‍ ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു.

ഇന്നലെ രാത്രിയാണ് സംഭവം. ആറന്മുള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് 108 ആംബുലന്‍സ് ഡ്രൈവര്‍ അതിക്രമം നടത്തിയത്. മൂന്ന് യുവതികള്‍ ആംബുലന്‍സിലുണ്ടായിരുന്നു. രണ്ട് പേരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലിറക്കി. മൂന്നാമത്തെയാളെ കോവിഡ് കെയര്‍ സെന്‍ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ഡ്രൈവര്‍ ഉപദ്രവിച്ചത്.

കോവിഡ് രോഗിയെ പീഡിപ്പിച്ച ശേഷം ആംബുലൻസ് ഡ്രൈവര്‍ ക്ഷമാപണം നടത്തി. ചെയ്‌തത് തെറ്റായി പോയെന്നും ആരോടും പറയരുതെന്നും ആംബുലൻസ് ഡ്രൈവര്‍ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. പ്രതിയായ ആംബുലൻസ് ഡ്രൈവര്‍ ക്ഷമാപണം നടത്തിയത് പെൺകുട്ടി ഫോണിൽ റെക്കോർഡ് ചെയ്‌തു. ഇത് കേസിൽ നിർണായക തെളിവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി കെ.ജി.സൈമണ്‍ പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോൾ തനിക്കുണ്ടായ ദുരനുഭവം കോവിഡ് രോഗി അധികൃതരെ അറിയിച്ചു.

ആറൻമുളയിലെ ഒരു മൈതാനത്തുവച്ചാണ് കോവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവര്‍ പീഡിപ്പിച്ചത്. ഏകദേശം പുലർച്ചെ ഒരു മണിയോടെയാണ് കൃത്യം നടക്കുന്നത്. വളരെ ദൗർഭാഗ്യകരമായ കാര്യമാണ് നടന്നതെന്നും അംഗീകരിക്കാൻ കഴിയാത്ത സംഭവമെന്നും എസ്‌പി മാധ്യമങ്ങളോട് പറഞ്ഞു.

പ്രതി ഇപ്പോൾ കസ്റ്റഡിയിലാണ്. തെളിവുകൾ ശേഖരിച്ചു കഴിഞ്ഞു. സംഭവം അറിഞ്ഞപ്പോൾ തന്നെ അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, കോവിഡ് രോഗിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ആംബുലൻസ് ഡ്രൈവറെ ജോലിയിൽ നിന്നു പിരിച്ചുവിട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *