മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

ന്യൂഡൽഹി ∙ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (85) അന്തരിച്ചു. മകൻ അഭിജിത് മുഖർജി ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് അന്ത്യം. രാജ്യം ഭാരതരത്ന നൽകി ആദരിച്ച പ്രണബ് ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയായിരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മുൻ രാഷ്ട്രപതിയുടെ നിര്യാണവാർത്തയ്ക്കു പിന്നാലെ അദ്ദേഹത്തോടുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനിലും പാർലമെന്റ് കെട്ടിടത്തിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. സെപ്റ്റംബർ ആറു വരെ രാജ്യത്ത് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ കാലയളവിൽ രാജ്യത്തുടനീളം ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഭൗതിക ശരീരത്തിന്റെ സംസ്കാരസമയവും സ്ഥലവും ഉടൻ അറിയിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ സൂചിപ്പിച്ചു.

ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ, രാജ്യസഭാ അധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ബംഗാളിൽ നിന്ന് ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം.

Leave a Reply

Your email address will not be published. Required fields are marked *