മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിക്ക് മര്‍ദ്ദനം

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിക്ക് മര്‍ദ്ദനം. കുന്ദമംഗലം സ്വദേശിയായ യുവതിക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തെ തുടര്‍ന്ന് യുവതിയുടെ ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പരാതിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

കാഴ്ച നഷ്ടപ്പെട്ടിട്ടും മതിയായ ചികിത്സ നല്‍കാതെ യുവതിയെ കുന്ദമംഗലത്തെ വീട്ടില്‍ എത്തിച്ച ശേഷം മാനസികാശുപത്രി അധികൃതര്‍ മടങ്ങുകയായിരുന്നു.

ലോക്ഡൗണ്‍ സമയത്ത് അക്രമാസക്തമാവുകയും മാനസികനില താളം തെറ്റുകയും ചെയ്ത യുവതിയെ കുന്ദമംഗലത്തെ സാമൂഹിക പ്രവര്‍ത്തകരുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ്‌ കുതിരവട്ടത്തെ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ ചികിത്സയിലിരിക്കെ സെല്ലില്‍ നിന്നും മര്‍ദ്ദനമേറ്റ് കാഴ്ച നഷ്ടപ്പെട്ടുവെന്നാണ് യുവതി പറയുന്നത്.

സംഭവത്തില്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള അതിക്രമം വിശദമായി അന്വേഷിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറും മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടും 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *