കേരള രാജ്യാന്തര ചലച്ചിത്രമേള ഓണ്‍ലൈനായി സംഘടിപ്പിച്ചേക്കുമെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള സാധാരണ രീതിയില്‍ നടത്താനായില്ലെങ്കില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേളയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഡിസംബറില്‍ നടത്താനായില്ലെങ്കില്‍ അടുത്ത വര്‍ഷം ജനുവരിയിലോ ഫെബ്രുവരിയിലോ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു സാധിച്ചില്ലെങ്കിലാണ് ഓണ്‍ലൈന്‍ മേള പരിഗണിക്കുകയെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള നടപടികള്‍ ആരംഭിച്ചു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിനുള്ള എന്‍ട്രികളും സ്വീകരിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേള ആഗസ്റ്റ് 21 മുതല്‍ 28 വരെ ഓണ്‍ലൈനായി നടത്തും. ഡോക്യുസ്‌കേപ്‌സ് ഐ. ഡി. എസ്. എഫ് എഫ്. കെ വിന്നേഴ്‌സ് എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. 14 ഡോക്യുമെന്ററികളും അഞ്ച് ഹ്രസ്വചിത്രങ്ങളും നാല് ക്യാമ്ബസ് സിനിമകളും ആറ് അനിമേഷന്‍ ചിത്രങ്ങളും ഉള്‍പ്പെടെ 29 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ ഏഴെണ്ണം വിദേശ സിനിമകളാണ്. ഇതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വൈകിട്ട് നാലു മണി മുതല്‍ 24 മണിക്കൂറിനകം ഇവ എപ്പോള്‍ വേണമെങ്കിലും കാണാം.

ആഗസ്റ്റ് 22 മുതല്‍ തിരുവോണ ദിനമായ 31 വരെ സാംസ്‌കാരിക വകുപ്പ് ഭാരത്ഭവന്റെ ആഭിമുഖ്യത്തില്‍ മാവേലി മലയാളം എന്ന പേരില്‍ വൈകിട്ട് ഏഴു മുതല്‍ രാത്രി എട്ടര വരെ ഓണ്‍ലൈന്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. അരമണിക്കൂര്‍ നേരം സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ കലാപരിപാടികളും ഒരു മണിക്കൂര്‍ കേരളത്തിന്റെ തനതു കലാരൂപങ്ങളും അവതരിപ്പിക്കും. സമൂഹമാധ്യമങ്ങള്‍ വഴി ഇത് കാണാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *