തിരുവനന്തപുരം ജനറൽ ആശുപത്രി ഇനി പൂർണമായും കോവിഡ് ആശുപത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി 300 കിടക്കകളോടെ തിരുവനന്തപുരം ജനറൽ ആശുപത്രി പൂർണമായും കോവിഡ് ആശുപത്രിയാക്കി മാറ്റി. ആശുപത്രിയിലെ അത്യാഹിത വിഭാഗം, സ്‌പെഷ്യലിറ്റി, സൂപ്പർ സ്‌പെഷ്യലിറ്റി വിഭാഗങ്ങൾ എന്നിവ ഇവിടെ പ്രവർത്തിക്കില്ലെന്നും ഒൻപതാം വാർഡും ഡയാലിസിസ് യൂണിറ്റും പതിവുപോലെ പ്രവർത്തിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു.

അത്യാഹിത വിഭാഗം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലും ഫോർട്ട് താലൂക്കാശുപത്രിയിലും പ്രവർത്തിക്കും. ത്വക്കുരോഗം, ഇ.എൻ.റ്റി. നേത്ര രോഗം, ഓർത്തോപീഡിക്, മെഡിസിൻ, ഡെന്റൽ, സർജറി വിഭാഗങ്ങളുടെ സേവനവും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ലഭിക്കും.

മെഡിസിൻ, ഡെന്റൽ വിഭാഗങ്ങളുടെ സേവനങ്ങൾ ഫോർട്ട് താലൂക്കാശുപത്രിയിൽ ലഭ്യമാണ്. നേത്രരോഗ ചികിത്സാ സൗകര്യം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലും (കണ്ണാശുപത്രി ) കിട്ടുന്നതാണ്. മാനസികാരോഗ്യ വിഭാഗം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കും.
ശ്വാസകോശ രോഗ ചികിത്സയ്ക്കു പുലയനാർകോട്ട നെഞ്ച് രോഗ ആശുപത്രിയിൽ സൗകര്യമുണ്ട്.

കാർഡിയോളോജി, നെഫ്രോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോ എന്റോളോജി വിഭാഗങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *