പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ (81) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 1.40-ഓടെയായിരുന്നു അന്ത്യം.

സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ ക്യാമറയാണ് അദ്ദേഹത്തിന്റേത്. വൈക്കം മുഹമ്മദ് ബഷീർ, തകഴി, ജോസഫ് മുണ്ടശ്ശേരി, എകെജി, ഇഎംഎസ്, ഇന്ദ്രജിത്ത് ഗുപ്‌ത, എസ്.എ. ഡാങ്കേ, സി. അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻനായർ, പി.കെ. വാസുദേവൻ നായർ, എം.ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റെക്കാട്ട്, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, പൊൻകുന്നം വർക്കി, എൻ.വി. കൃഷ്ണവാരിയർ, കേശവദേവ്, സുകുമാർ അഴീക്കോട്, യേശുദാസ്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെയൊക്കെ അത്യപൂർവചിത്രങ്ങൾ ഇവയിലുൾപ്പെടുന്നു. മാതൃഭൂമിക്കുവേണ്ടി അദ്ദേഹം എടുത്ത ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. കോഴിക്കോട് തിരുവണ്ണൂരിലെ ‘സാനഡു’വിലായിരുന്നു താമസം.

കൊല്ലം ജില്ലയിലെ ശൂരനാട്ട് പുത്തൻവിളയിൽ ശ്രീധരന്റെയും പള്ളിക്കുന്നത്ത് ഈശ്വരിയുടെയും മകനായി 1939 ഓഗസ്റ്റിലാണ് രാജൻ ജനിച്ചത്. പുനലൂർ ഹൈസ്കൂളിലായിരുന്നു പത്താംക്ലാസ് വരെ പഠനം. അക്കാലത്ത് കവിതകളും കഥകളുമെഴുതി തുടർച്ചയായി സമ്മാനങ്ങൾ നേടി. മാവേലിക്കര രവിവർമ സ്കൂളിൽനിന്ന് ഫൈൻ ആർട്സ് ഡിപ്ലോമ നേടി.

പുനലൂർ രാജൻ എടുത്ത വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ചിത്രം

1963-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി എത്തിയതോടെ അദ്ദേഹം കോഴിക്കോടൻ ജീവിതത്തിന്റെ ഭാഗമായി. 1994-ൽ വിരമിച്ചു. സ്കൂൾ പഠനകാലത്തുതന്നെ വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധകനായിരുന്ന രാജൻ കോഴിക്കോട്ടെത്തിയതോടെ അദ്ദേഹത്തിന്റെ സന്തതസഹചാരിയായി.
തിക്കോടിയൻ, പട്ടത്തുവിള കരുണാകരൻ, ഉറൂബ്, കെ.എ. കൊടുങ്ങല്ലൂർ, എസ്.കെ. പൊറ്റെക്കാട്ട്, എം.ടി. വാസുദേവൻ നായർ, വി. അബ്ദുല്ല, എൻ.പി. മുഹമ്മദ് തുടങ്ങിയവരുമായൊക്കെ അടുക്കാനും അവരുടെ അനശ്വരമുഹൂർത്തങ്ങൾ പകർത്താനും രാജന് അവസരമുണ്ടായി. ടി. ദാമോദരൻ, പി.എ. ബക്കർ, പവിത്രൻ, ജോൺ എബ്രഹാം, ചെലവൂർ വേണു തുടങ്ങിയവരുമായും അടുത്ത ബന്ധമുണ്ടായി.

സ്വന്തമായി സിനിമയെടുക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിസ്റ്റ് പാർട്ടി സിനിമാപഠനത്തിനായി രാജനെ റഷ്യയിലേക്കയച്ചു. മോസ്കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമോട്ടോഗ്രഫിയിൽ മൂന്നുകൊല്ലം അദ്ദേഹം സിനിമാട്ടോഗ്രഫി പഠിച്ചു. കെ.പി.എ.സി. യുടെ നേതൃത്വത്തിലാണ് സിനിമയുണ്ടാക്കാൻ ശ്രമം നടന്നത്. പഠനം പൂർത്തിയാക്കി രാജൻ നാട്ടിൽ തിരിച്ചെത്തിയെങ്കിലും പാർട്ടി അപ്പോഴേക്കും സിനിമാമോഹം ഉപേക്ഷിച്ചിരുന്നു.
‘ബഷീർ: ഛായയും ഓർമയും’, ‘എം.ടി.യുടെ കാലം’ എന്നിവയാണ് രാജന്റെ പുസ്തകങ്ങൾ . മാതൃഭൂമി പത്രത്തിൽ ‘ഇന്നലെ’, ആഴ്ചപ്പതിപ്പിൽ ‘അനർഘനിമിഷങ്ങൾ’ എന്നീ പംക്തികൾ കൈകാര്യം ചെയ്തു. രണ്ടാംലോകയുദ്ധം കുഴച്ചുമറിച്ചിട്ട പ്രദേശങ്ങളിൽ സഞ്ചരിച്ച് തയ്യാറാക്കിയ ‘മഹായുദ്ധത്തിന്റെ മുറിപ്പാടുകൾ’ എന്ന ചിത്രത്തിന് സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *