പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 218 ആയി

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് ആശങ്ക വര്‍ധിക്കുകയാണ്. ഇന്ന് 53 പേര്‍ക്കാണ് ജയിലില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തടവുകാര്‍ക്ക് പുറമെ ജയില്‍ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സെന്‍ട്രല്‍ ജയിലില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 218 ആയി. 114 പേര്‍ക്കാണ് ഇന്ന് പരിശോധന നടത്തിയത്.

50 തടവുകാര്‍ക്കും രണ്ട് ജീവനകാര്‍ക്കും ഒരു ഡോക്‌ടര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തടവുകാരെ പുറത്തുകൊണ്ട് പോയി ചികിത്സിക്കുന്നത് പ്രായോഗികമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ജയിലിന് അകത്തുള്ള ഓഡിറ്റോറിയത്തിലും വിവിധ ബ്ലോക്കുകളിലുമായാണ് ഇവരെ ചികിത്സിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ തടവുകാരെ കൂടി കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. പ്രായമായ തടവുകാരടക്കം കൊവിഡ് പോസിറ്റീവായവരുടെ പട്ടികയിലുണ്ട്.

ഒരുമിച്ചുള്ള ശുചിമുറിയും മറ്റുമാണ് രോഗം പടരുന്നതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പൂജപ്പുരയില്‍ തന്നെയുള്ള ജയില്‍ ആസ്ഥാനവും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *