കരിപ്പുർ വിമാനത്താവളം അടച്ചുപൂട്ടണമെന്ന് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

കൊച്ചി: കരിപ്പൂരിലെ  അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. 19 പേരുടെ ജീവൻ നഷ്ടപ്പെട്ട വിമാനാപകടത്തിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണത്തിന് പകരം, റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും ഹർജിക്കാരനായ അഡ്വക്കേറ്റ് യശ്വന്ത് ഷേണായി ആവശ്യപ്പെട്ടു.

സാങ്കേതിക പിഴവ് പരിഹരിക്കുന്നതുവരെ പ്രവർത്തനം നിർത്തിവെക്കണമെന്നാണ് ഹർജീയിലെ ആവശ്യം. കേരളത്തിലെ മിക്ക വിമാനത്താവളങ്ങൾക്കും നിർമാണത്തിൽ പിഴവുണ്ടെന്ന് ഹർജിക്കാരൻ പറയുന്നു. ഏത്​ രീതിയിലാണ്​ അപകടം സംഭവിച്ചത്​ എന്നതു സംബന്ധിച്ച്​ സി.ബി.ഐ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

2011 ൽ ലാൻഡിംഗിനിടെ ഉണ്ടായ അപകടത്തെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയെക്കുറിച്ചു സിവിൽ ഏവിയേഷൻ മന്ത്രാലയം, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) എന്നിവ മുന്നറിയിപ്പ് നൽകിയിരുന്നു. 2011 ജൂൺ 17 ന് അയച്ച കത്തിലാണ് സിവിൽ ഏവിയേഷൻ ഓപ്‌സ്-കാസക് (സിവിൽ ഏവിയേഷൻ സേഫ്റ്റി അഡ്വൈസറി കൗൺസിൽ, സർക്കാർ നിയോഗിച്ച എയർ സേഫ്റ്റി പാനൽ) ക്യാപ്റ്റൻ രംഗനാഥൻ മുന്നറിയിപ്പ് നൽകിയത്. ഇക്കാര്യം ഇന്ന് ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജിയിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു.

സിവിൽ ഏവിയേഷൻ സെക്രട്ടറിയും കാസക് ചെയർമാനുമായ നസീം സൈദിയും ഡിജിസിഎയുടെ ഭാരത് ഭൂഷനും സംയുക്തമായി അഭിസംബോധന ചെയ്ത കത്തിൽ വിമാനത്താവളത്തിലെ സ്ഥിതി പ്രത്യേകിച്ച് നനഞ്ഞ അവസ്ഥയിൽ അപകടകരമാണെന്ന് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *