കണ്ടു, പുഞ്ചിരിച്ചു, കൈകൊടുത്തു..

ജയ്പൂർ: രാജസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിത്വങ്ങൾക്ക് കാരണമായ പിണക്കത്തിനു ശേഷം ആദ്യമായി മുഖ്യമന്ത്രി അശോക് ഗെഹലോട്ടും വിമതക്യാമ്പിന്റെ തലവൻ സച്ചിൻ പൈലറ്റും നേരിൽക്കണ്ടു. രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കു ശേഷം കോൺഗ്രസിൽ തിരിച്ചെത്താൻ തയ്യാറായ സച്ചിൻ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന കോൺഗ്രസ് എം.എൽ.എമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഇത്. ഇരുനേതാക്കളും പരസ്പരം പുഞ്ചിരിക്കുകയും ഹസ്തദാനം നടത്തുകയും ചെയ്തു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പം ഇരുവരും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.

വൈകീട്ട് അഞ്ചുമണിക്കായിരുന്നു രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കോൺഗ്രസ് എം.എൽ.എമാരുടെ യോഗം വിളിച്ചത്. ഒരു മാസത്തിനിടെ ഇതാദ്യമായി സച്ചിൻ പൈലറ്റിനും ക്ഷണം ലഭിച്ചു. നാളെ ആരംഭിക്കുന്ന നിയമസഭയുടെ പ്രത്യേക സെഷന്റെ മുന്നോടിയായിരുന്നു യോഗം. ഇന്നു രാവിലെ, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള യജ്ഞത്തിൽ എല്ലാം മറക്കാനും പൊറുക്കാനും തയ്യാറാണെന്ന് ഗെഹലോട്ട് ട്വിറ്ററിൽ കുറിച്ചിരുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ പാർട്ടിയിലുണ്ടായ തെറ്റിദ്ധാരണകളെല്ലാം, നാടിന്റെയും ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും താൽപര്യം മുൻനിർത്തി എല്ലാവരും മറക്കുകയും പൊറുക്കുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *