ശംഖുമുഖത്ത് കടൽഭിത്തി നിർമിച്ചില്ല; നാട്ടുകാർ റോഡ് ഉപരോധിച്ചു

തിരുവനന്തപുരം : കടൽഭിത്തി നിർമാണം അടിയന്തരമായി ആരംഭിക്കുമെന്ന ഉറപ്പ് അധികൃതർ പാലിക്കാത്തതിനെ തുടർന്നു ശംഖുമുഖത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചു. ഇന്നലെ വൈകിട്ടോടെ ആഭ്യന്തര വിമാനത്താവളത്തിനു മുന്നിലെ രണ്ടു കവാടങ്ങളിലേക്കും കടക്കുന്ന റോഡുകൾക്ക് മുന്നിലായിരുന്നു ഉപരോധം.

ശംഖുമുഖം ജൂസാ റോഡിൽ കടൽഭിത്തി നിർമാണം ഇന്നലെ ആരംഭിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഇത് പാലിക്കാത്തതിനാലാണ് ഉപരോധം നടത്തിയത്. മണിക്കൂറുകൾ നീണ്ട റോഡ് ഉപരോധത്തിന് ഒടുവിൽ രാത്രി വൈകി എഡിഎം സ്ഥലത്ത് എത്തി ഇന്നു കലക്ടറുമായി ചർച്ച നടത്തി കാര്യങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാമെന്ന ഉറപ്പിൽ നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചു.

കടലാക്രമണത്തിൽ വീടുകൾ നഷ്ടമായിക്കൊണ്ടിരിക്കുന്ന ജൂസാ റോഡിൽ അടിയന്തരമായി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടു രണ്ടു ദിവസം മുൻപ് നാട്ടുകാർ കനത്ത മഴയെ അവഗണിച്ച് ശംഖുമുഖം റോഡ് ഉപരോധിച്ചിരുന്നു. അന്നു സ്ഥലത്ത് എത്തിയ ആർഡിഒ ഇന്നലെ അടിയന്തരമായി കടൽ ഭിത്തി നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇന്നലെ വൈകിട്ടായിട്ടും നടപടികൾ ആരംഭിക്കാത്തതിനാലാണ് നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *