മൂന്നു ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ട് ; മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്.

പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

സംസ്ഥാനത്തെ അണക്കെട്ടുകളുടെ ജലനിരപ്പ് ഉയർന്നു. മുല്ലപ്പെരിയാർ റിസർവോയറിൽ ക്യാച്ച്മെന്റോറിയത്തിൽ ജലനിരപ്പ് വളരെവേഗം ഉയരുകയാണ്. 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിൽ എത്തുന്ന ജലം ടണൽ വഴി വൈഗൈയിലെത്തിക്കുക എന്ന നിർദേശം നൽകണമെന്ന് തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു.

പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിലേക്ക് ഉയർന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ തുറന്നു. തിരുവനന്തപുരത്ത് 187 വീടുകൾ ഭാഗികമായും 37 വീടുകൾ പൂർണമായും തകർന്നു. വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽകണ്ട് കൊല്ലത്തു നിന്നും രക്ഷാപ്രവർത്തകർ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു.

പത്തനംതിട്ട ജില്ലയിൽ 51 ദുരിതാശ്വാസ ക്യാംപ് തുറന്നു. മൂഴിയാർ, മണിയാർ ഡാമുകളുടെ സ്പിൽവേകൾ തുറന്നു. ചാലക്കുടി താലുക്കിൽ 6 ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങി. പാലക്കാട് കാഞ്ഞിരപ്പുഴ, മംഗലം എന്നിങ്ങനെ രണ്ട് ഡാമുകൾ തുറന്നു. നിലമ്പൂർ മുതൽ നാടുകാണി വരെയുള്ള ഗതാഗതം രാത്രി 8 മുതൽ രാവിലെ 6 വരെ നിരോധിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. അതിനാലാണ് ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 8ന് പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും ഓഗസ്റ്റ് 9ന്  കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓഗസ്റ്റ് 10ന് മലപ്പുറം, കണ്ണൂർ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *