കരിപ്പൂർ വിമാനത്താവളം ഒരു ടേബിൾ ടോപ് വിമാനത്താവളമായതിന്റെ ബാക്കി: കേന്ദ്രമന്ത്രി വി.മുരളീധരൻ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം ഒരു ടേബിൾ ടോപ് വിമാനത്താവളമായതിന്റെ ബാക്കിയാണ് ഈ അപകടമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. മംഗലാപുരത്തുണ്ടായതിനു സമാനമായ സാഹചര്യമാണ് ഇവിടെയും ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്.

റൺവേ ഉയരത്തിൽ നിൽക്കുകയും റൺവേ കഴിഞ്ഞുള്ള പ്രദേശം താണു കിടക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഹാർഡ് ലാൻഡിങ് ഇത്രവലിയ അപകടമുണ്ടാക്കിയത്. വിമാനം റൺവേയിൽനിന്ന് തെന്നി മുന്നോട്ട് പോയെന്നാണ് അറിഞ്ഞത്. മതിലു കഴിഞ്ഞ് താഴേയ്ക്ക് മൂക്കുകുത്തി വീണതിനാലാണ് മുൻഭാഗം പിളർന്ന് ക്യാബിന്റെ ഭാഗം തകരാറിലായത്.

മഴക്കാലത്ത് ടേബിൾ ടോപ് വിമാനത്താവളങ്ങളിലുണ്ടാകുന്ന ഗൗരവമായ സാഹചര്യമാണ് ഇത്. കോഴിക്കോട് വിമാനത്താവളത്തിൽ മഴക്കാലത്ത് ഇറങ്ങിക്കഴിഞ്ഞാൽ ഇറങ്ങി എന്നു പറയാവുന്ന അവസ്ഥയാണ് തനിക്കു നേരത്തെ ഉണ്ടായിട്ടുള്ളത്.

ഓരോ തവണയും പൈലറ്റ് ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ആശങ്കയുണ്ടാകാറുണ്ട്. കാലാവസ്ഥ മോശമാകുന്ന സാഹചര്യമുണ്ടായാൽ മറ്റൊരു വിമാനത്താവളത്തിലേയ്ക്ക് തിരിച്ചു വിടുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നിട്ടും എന്തുകൊണ്ട് ഇറക്കാൻ ശ്രമിച്ചു എന്നത് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *