കോവിഡ് വ്യാപനം: പരിശീലന പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ഡേ കെയര്‍ സെന്‍ററുകള്‍, വിവിധ ഹോമുകള്‍, വയോജന മന്ദിരങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിന്‍റെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു.

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ക്കാണ് ആദ്യഘട്ടമായി ഓണ്‍ലൈന്‍ വഴി പരിശീലനം നല്‍കിയത്. ആരോഗ്യ  മന്ത്രി കെ.കെ. ശൈലജ  പരിശീലന പരിപാടി അഭിസംബോധന ചെയ്ത് സംസാരിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് പങ്കെടുത്തു.

മൂന്നു സെഷനുകളായാണ് ആദ്യ ഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചത്. കോവിഡ് പാശ്ചാത്തലത്തില്‍ ഓരോ സ്ഥാപനങ്ങളും സ്വീകരിക്കേണ്ടതായ പൊതുവായ നടപടികള്‍ എന്തൊക്കെയാണെന്നും ജീവനക്കാരും സ്ഥാപനങ്ങളില്‍ കഴിയുന്നവരും പാലിക്കേണ്ടതായ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്നും ക്ലാസുകളിലൂടെ ചര്‍ച്ച ചെയ്തു. മാത്രമല്ല കോവിഡുമായി ബന്ധപ്പെട്ട പൊതുവിവരങ്ങള്‍ ക്ലാസുകളിലൂടെ ജീവനക്കാര്‍ക്ക് നല്‍കാനും സാധിച്ചു.

400 ഓളം സ്ഥാപനങ്ങളും പ്രതിനിധികളുമാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. വിദഗ്ധര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ജീവനക്കാരുടെ സംശയങ്ങള്‍ക്ക് ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ മറുപടി നല്‍കി. പങ്കെടുക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനത്തിനായി തുടര്‍ന്നും അവസരമുണ്ടായിരിക്കും. തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന ഈ ഓണ്‍ലൈന്‍ പരിശീലന പരിപാടിയില്‍ ജീവനക്കാര്‍ പരമാവധി പങ്കെടുക്കണമെന്ന് മന്ത്രി  അഭ്യര്‍ത്ഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *