ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിനെ തിരുവനന്തപുരത്തു നിന്ന് പിടികൂടി

തിരുവനന്തപുരം:  വഞ്ചിയൂർ സബ് ട്രഷറി ഓഫിസിൽനിന്ന് 2 കോടിരൂപ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി ബിജുലാൽ പിടിയിൽ. വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫിസിൽനിന്നാണ് ബിജുലാൽ പിടിയിലായത്.

മുൻകൂർ ജാമ്യാപേക്ഷ 13ന് കോടതി പരിഗണിക്കാനിരിക്കെയാണു ബിജുലാല്‍ കീഴടങ്ങാൻ അഭിഭാഷകന്റെ ഓഫിസിൽ എത്തുന്നതും പൊലീസ് പിടിയിലായതും.

താൻ കാശ് മോഷ്ടിച്ചില്ലെന്നും നിരപരാധിയാണെന്നും ബിജുലാൽ മാധ്യമങ്ങളോടു പറഞ്ഞു. വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർഐഡിയും പാസ്‌വേഡും ഉപയോഗിച്ചിട്ടില്ല. അങ്ങനെ ഉപയോഗിക്കാനും കഴിയില്ല. എങ്ങനെ തട്ടിപ്പു നടന്നുവെന്ന് അറിയില്ല. മറ്റൊരെങ്കിലും തട്ടിപ്പു നടത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ചതിക്കാൻ വേണ്ടി ആരെങ്കിലും തന്റെ പാസ്‌വേഡ് ഉപയോഗിച്ചു തട്ടിപ്പു നടത്തിയിരിക്കാം.

ഓൺലൈൻ റമ്മി കളിക്കായി പണം ചെലവഴിച്ചിരുന്നതായി ബിജുലാൽ വ്യക്തമാക്കി. റമ്മി കളിയിലൂടെ ലാഭമോ നഷ്ടമോ ഉണ്ടായിട്ടില്ല. ഒരു ദിവസം നഷ്ടം വന്നാൽ അടുത്ത ദിവസം ലാഭമുണ്ടാകും. റമ്മി കളിയിലൂടെ ലഭിക്കുന്ന ലാഭം ആഡംബരത്തിനു ഉപയോഗിക്കാറില്ലെന്നും ബിജുലാൽ പറഞ്ഞു.

ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റായിരുന്ന ബിജുലാലിനെ പിരിച്ചുവിടാൻ സർക്കാർ പിഎസ്‌സിയുടെയും നിയമവകുപ്പിന്റെയും അനുമതി തേടിയിട്ടുണ്ട്. ബിജുലാലാണ് തട്ടിപ്പു നടത്തിയതെന്നു ധനവകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായ സാഹചര്യത്തിലാണു നടപടി.

Leave a Reply

Your email address will not be published. Required fields are marked *