അയോധ്യയില്‍ ചരിത്രത്തിന്റെ ആവര്‍ത്തനമെന്ന് പ്രധാനമന്ത്രി

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയുടെ പാരമ്ബര്യത്തിന്റെയും ഭക്തിയുടെയും ദേശീയ വികാരത്തിന്റെയും പ്രതീകമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്ബാടും ഇന്ന് ‘ജയ് സീതാറാം’ വിളികള്‍ മുഴങ്ങുകയാണെന്നും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോടിക്കണക്കിന് ജനങ്ങളുടെ കൂട്ടായ നിശ്ചയദാര്‍ഢ്യത്തിന്റെ ശക്തിയുടെ പ്രതീകമാണ് ഈ രാമക്ഷേത്രം. ഇത് വരും തലമുറകളെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അയോദ്ധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങുകള്‍ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജയ് സീതാറാം’ മന്ത്രം ചൊല്ലി, സദസ്യരോട് അത് ഏറ്റു ചൊല്ലാന്‍ ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു പ്രധാനമന്ത്രി തന്റെ പ്രസംഗ ആരംഭിച്ചത്. ഈ മന്ത്രം അയോദ്ധ്യയില്‍ മാത്രമല്ല ലോകമെമ്ബാടും മുഴങ്ങുകയാണ്. ഈ രാജ്യത്തെ എല്ലാ പൗരന്‍മാരെയും ലോകമെമ്ബാടുമുള്ള ഭാരതീയരെയും രാമഭക്തരെയും ഞാന്‍ ഈ നിമിഷത്തില്‍ എന്റെ സന്തോഷം അറിയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നാളുകളായി ഒരു കൂടാരത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന രാം ലല്ലയ്ക്കായി ഒരു മഹാക്ഷേത്രം ഉയരുകയാണ്. നൂറ്റാണ്ടുകളായി തുടരുന്ന ഉടച്ചു വാര്‍ക്കലിന്റെ ചരിത്രത്തിന് രാമജന്മഭൂമിയില്‍ അന്ത്യം കുറിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാമദേവന്റെ കര്‍മ്മം സാര്‍ത്ഥകമാക്കാനാണ് താന്‍ അയോദ്ധ്യയില്‍ എത്തിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

സരയൂ നദിയുടെ തീരത്ത് ആദിത്യ ദേവനെ സാക്ഷിയാക്കി ഇന്ത്യ ഇന്ന് ചരിത്രത്തിലെ സുപ്രധാനമായ ഒരു ഏടിന് തുടക്കം കുറിക്കുകയാണ്. കന്യാകുമാരി മുതല്‍ ക്ഷീരഭവാനി വരെ, കോടീശ്വര്‍ മുതല്‍ കാമാഖ്യ വരെ, ജഗന്നാഥ് മുതല്‍ കേദാര്‍നാഥ് വരെ, സോമനാഥ് മുതല്‍ കാശി വരെ, ബോധഗയ മുതല്‍ സാരാനാഥ് വരെ, അമൃത്സര്‍ മുതല്‍ പട്ന വരെ, ആന്‍ഡമാന്‍ മുതല്‍ അജ്മേര്‍ വരെ, സാമദ് ശിഖര്‍ മുതല്‍ ശ്രാവണബല്‍ഗോള വരെ, ലക്ഷദ്വീപ് മുതല്‍ ലേ വരെ ഈ മുഹൂര്‍ത്തത്തിന് സാക്ഷിയാവുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *