ശിവശങ്കറിനെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യലിന് വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാറിനോട് അനുമതി തേടി വിജിലന്‍സ്  .

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് അനുമതി തേടിയത്.

ഐടി വകുപ്പിലെ വിവാദ നിയമനം ഉള്‍പ്പെടെ പ്രതിപക്ഷ നേതാവിന്റെ അടക്കമുളളവരുടെ പരാതികളാണ്‌ വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. പ്രാഥമിക അന്വേഷണത്തിന് അനുമതി തേടിയാണ് വിജിലന്‍സ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചത്.

അഴിമതി നിരോധന നിയമപ്രകാരമാണ് വിജിലന്‍സ് നടപടി സ്വീകരിച്ചത്. അഴിമതി നിരോധന നിയമപ്രകാരം ലഭിക്കുന്ന പരാതിയില്‍ സര്‍ക്കാരിന്റെ അനുമതി വിജിലന്‍സ് തേടുന്നത് പതിവാണ്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ഉളളടക്കം. ആഭ്യന്തര അഡീഷണല്‍ ചിഫ് സെക്രട്ടറി പരാതി ചീഫ് സെക്രട്ടറിക്ക് കൈമാറും. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ കൂടി തീരുമാനം അറിഞ്ഞശേഷമേ തുടര്‍നടപടികളുമായി വിജിലന്‍സ് മുന്നോട്ടു പോകു.

ശിവശങ്കറിനെതിരെയുള്ള വിജിലൻസ് നീക്കങ്ങൾ സർക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന് രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *