കോടിയേരിയുടെ ശ്രമം സ്വർണക്കടത്തിലെ ശ്രദ്ധ തിരിക്കാൻ: സുരേന്ദ്രൻ

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കി സ്വർണക്കടത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന ഉപവാസ സമരത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു സുരേന്ദ്രൻ.

ബി.ജെ.പിക്ക്  കോണ്‍ഗ്രസില്‍ നിന്ന് ഒരു സര്‍സംഘചാലകിനെയോ സംഘചാലകിനെയോ  ആവശ്യമില്ല. രമേശ് ചെന്നിത്തലയുടെയോ എസ്. രാമചന്ദ്രന്‍ പിള്ളയുടേയോ പൂര്‍വകാലവും തങ്ങള്‍ക്ക് ബാധകമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു

കൊച്ചി  കേന്ദ്രീകരിച്ച് സി.പി.എം അഭിഭാഷക സംഘം സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമം നടത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

സ്വർണക്കടത്ത് കേസിൽ ശിവശങ്കരനും സരിത്തിനു വേണ്ടി ഒരേ അഭിഭാഷകനാണ് ഹാജരാകുന്നത്.. പ്രതികൾക്കെല്ലാം നിയമ സഹായം നൽകുന്നത് സി.പി.എം ബന്ധമുള്ള ചില അഭിഭാഷകരാണ്. ഇവരാണ് കേസ് അട്ടിമറിക്കാൻ നേതൃത്വം നൽകുന്നത്. എല്ലാ ദിവസവും ഈ അഭിഭാഷകർ യോഗം ചേർന്ന് കേസ് അട്ടിമറിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള കേരള പൊലീസിന്റെ നീക്കം ദുരൂഹമാണ്. സ്വപ്നയെ പൊലീസ് കസ്റ്റഡിയിൽ വിടരുത്. കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സി.പി.എം രാഷ്ട്രീയ ആരോപണങ്ങ ൾ ഉന്നയിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ കോടിയേരിക്ക് യാതൊരു ധാര്‍മിക അവകാശവുമില്ല. മകനുമായി ബന്ധപ്പെട്ട രണ്ട് വിവാദ വിഷയങ്ങൾ പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയത് എങ്ങനെയെന്ന് കോടിയേരി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

 

 

Leave a Reply

Your email address will not be published. Required fields are marked *