സ്വർണക്കടത്ത്: തമിഴ്‌നാട്ടിൽ നിന്ന് മൂന്ന് പേർകൂടി എൻ.ഐ.എ കസ്റ്റഡിയിലായി

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ തമിഴ്‌നാട്ടിൽ നിന്ന് മൂന്ന് പേർ എൻ.ഐ.എ കസ്റ്റഡിയിലായി. ട്രിച്ചിയിൽ നിന്നുള്ള മൂന്ന് ഏജന്റുമാരാണ് പിടിയിലായത്. അനധികൃതമായി എത്തിയ സ്വർണം വിൽക്കാൻ സഹായിച്ചവരാണ് ഇവർ.

ഇന്നലെ വൈകുന്നേരത്തോടെയാണ് മൂന്നു പേരെയും എൻ.ഐ.എ സംഘം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കള്ളക്കടത്തിന് നിക്ഷേപകരെ കണ്ടെത്താനും സ്വർണം വിൽ‌ക്കാനും തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ചുള്ള സ്വർണ്ണവ്യാപാരികളുമായി ഈ മൂന്നു ഏജന്റുമാർ ബന്ധപ്പെട്ടു എന്നാണ് അന്വേഷണസംഘം എത്തിയിരിക്കുന്ന നി​ഗമനം. ദിവസങ്ങൾക്ക് മുമ്പ് തന്നെ തിരുച്ചിറപ്പള്ളിയിലെ രണ്ട് സ്വർണ്ണക്കടകളിലെത്തി എൻ.ഐ.എ സംഘം പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഡി.ഐ.ജി കെ ബി വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിൽ എത്തി മുൻ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുന്നുണ്ട്. ഇത്തരത്തിൽ അനധികൃതമായി സ്വർണം തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ എത്തിച്ച് വിൽപന നടത്തിയതിന് മുമ്പ് പിടിയിലായവരെക്കുറിച്ച് വിവരങ്ങൾ തേടുകയാണ് ലക്ഷ്യം. ഇന്നലെ പിടികൂടിയ മൂന്നുപേരെയും ചെന്നെയിൽ വച്ച് ചോദ്യം ചെയ്യുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *