ഡൽഹിയിൽ കോവിഡ് രോ​ഗമുക്തി നിരക്ക് 88 ശതമാനത്തിലെത്തിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ

ന്യൂഡല്‍ഹി: ഡൽഹിയിൽ കോവിഡ് രോ​ഗമുക്തി നിരക്ക് 88 ശതമാനത്തിലെത്തിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. 9 ശതമാനം പേർക്കേ ഇനി രോ​ഗം ഭേദമാകാനുള്ളൂ. കോവിഡ് ബാധിച്ച് ഡൽ​ഹിയിൽ 3 ശതമാനം ആളുകൾ മരിച്ചെന്നും കെജ്‍രിവാൾ പറഞ്ഞു. മരണ നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും കെജ്‍രിവാൾ അവകാശപ്പെട്ടു.

ഇന്ത്യയിലും ലോകത്താകെയും കോവിഡിനെ പ്രതിരോധിച്ച ഡൽഹി മാതൃക ചർച്ചയാവുമെന്ന് കെജ്‍രിവാൾ പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാൻ ഡൽഹിയിൽ രണ്ടാം ഘട്ട ലോക്ക്ഡൗൺ വേണ്ടിവരില്ല. അത് സംതൃപ്തി നൽകുന്ന കാര്യമാണ്. കോവിഡ് കാലത്ത് ജോലി നഷ്ടമായവർക്ക് ജോലി കണ്ടെത്താൻ സർക്കാർ പോർട്ടൽ തുടങ്ങിയെന്നും കെജ്‍രിവാൾ അറിയിച്ചു. http://jobs.delhi.gov.in എന്ന സൈറ്റിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുണ്ടാവുക.

ഡൽഹിയിൽ കോവിഡ് ചികിത്സക്ക് 15500 കിടക്കകളുണ്ടെന്നും കെജ്‍രിവാൾ പറഞ്ഞു. 2800 പേർ മാത്രമാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. മറ്റുള്ളവർ വീടുകളിലാണ്. ജൂണിൽ കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തായിരുന്ന ഡൽഹി ഇപ്പോൾ 10ആം സ്ഥാനത്താണെന്നും കെജ്‍രിവാൾ പറഞ്ഞു.

130606 കോവിഡ് കേസുകളാണ് ഡൽഹിയിൽ ഇന്നുവരെ സ്ഥിരീകരിച്ചത്. 114875 പേർക്ക് രോ​ഗം ഭേദമായി. 3827 പേരാണ് ഇതുവരെ മരിച്ചത്. നിലവിൽ ഡൽഹിയിലെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 11904 ആണ്.

Leave a Reply

Your email address will not be published. Required fields are marked *