കോൺ​ഗ്രസിന് എതിരായി വോട്ട് ചെയ്യണം; എംഎൽഎമാർക്ക് ബിഎസ്പിയുടെ വിപ്പ്

ജയ്പൂര്‍: നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസിന് എതിരെ വോട്ട് ചെയ്യണമെന്ന്  എംഎല്‍എമാര്‍ക്ക് ബി.എസ്.പി വിപ്പ് നല്‍കി.

200 അംഗ നിയമസഭയാണ് രാജസ്ഥാനിലേത്. ഇതില്‍ ആറ് എംഎല്‍എമാര്‍ ബിഎസ്പിയില്‍ നിന്നാണ്. ഇവര്‍ നേരത്തേ കോണ്‍ഗ്രസില്‍ ലയിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലയനം നിയമ വിരുദ്ധമാണെന്നും അംഗീകരിക്കുന്നില്ലെന്നുമാണ് ബിഎസ്പിയുടെ നിലപാട്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം ചൂണ്ടിക്കാട്ടി ബിഎസ്പി പരാതി നൽകിയിരുന്നെങ്കിലും തീരുമാനമൊന്നുമായിട്ടില്ല. ഇതിനിടെയാണ് കോൺ​ഗ്രസിന് അനുകൂലമായി വോട്ട് ചെയ്താൽ അയോ​ഗ്യരാക്കുമെന്ന മുന്നറിയിപ്പ് ബിഎസ്പി എംഎൽഎമാർക്ക് നൽകിയിരിക്കുന്നത്. ആർ ​ഗുഡ, ലഖൻ സിങ്, ദീപ് ചന്ദ്, ജെ എസ് അവാന, സന്ദീപ് കുമാർ, വാജിദ് അലി എന്നീ എംഎൽഎമാർക്കാണ് ബിഎസ്പി വിപ്പ് നൽകിയത്.

സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഇടഞ്ഞതോടെയാണ് അശോക് ​ഗെഹ്‍ലോട്ട് സർക്കാരിന്റെ നില പരുങ്ങലിലായത്. എങ്കിലും 102 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കോൺ​ഗ്രസിന്റെ അവകാശവാദം. ഈ 102ൽ ആറ് ബിഎസ്പി എംഎൽഎമാരുമുണ്ട്. ബിഎസ്പി ദേശീയ പാർട്ടിയാണെന്നും ദേശീയ തലത്തിൽ ലയനം നടക്കാത്ത കാലത്തോളം പ്രാദേശികമായുള്ള ലയനങ്ങൾക്ക് സാധുതയില്ലെന്നും പാർട്ടി എംഎൽഎമാരെ അറിയിച്ചു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ അയോ​ഗ്യരാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

200 അം​ഗ സഭയിൽ ബിജെപിക്ക് 76 എംഎൽഎമാരുണ്ട്. കുറഞ്ഞത് 25 എംഎൽഎമാരുടെ പിന്തുണ കൂടി വേണം. എംഎൽഎമാരെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *