സരിത്തുമായി എന്‍ഐഎ സംഘം തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തി ; വ്യാജ സീല്‍ നിര്‍മിച്ച കട കണ്ടെത്തി

തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ കോണ്‍സുലേറ്റിന്റെ വ്യാജ സീല്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച കട കണ്ടെത്തി. തിരുവനന്തപുരത്ത് കേസിലെ ഒന്നാം പ്രതി സരിതുമായി എന്‍ഐഎ സംഘം നടത്തിയ തെളിവെടുപ്പിലാണ് കട കണ്ടെത്തിയത്.

സെക്രട്ടേറിയറ്റിനു മുന്നിലെ സ്റ്റാച്യു ജംക്‌ഷനിലുള്ള കട എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് സരിത് കാട്ടികൊടുത്തു. മറ്റു പ്രതികളായ സന്ദീപിന്റെയും സ്വപ്നയുടേയും താമസ സ്ഥലങ്ങളിലും സരിത്തുമായി എന്‍ഐഎ തെളിവെടുപ്പ് നടത്തി.

പുലര്‍ച്ചെ കൊച്ചിയില്‍നിന്ന് തിരിച്ച എന്‍ഐഎ സംഘം 11 മണിയോടെയാണ് തലസ്ഥാനത്തെത്തിയത്. ആദ്യം പൊലീസ് ക്ലബ്ബിലാണ് സരിത്തിനെ എത്തിച്ചത്. പൊലീസ് ക്ലബില്‍ എത്തുന്നതിനു 10 മിനിട്ടു മുന്‍പാണ് സംരക്ഷണം ആവശ്യപ്പെട്ട് കമ്മിഷണര്‍ ഓഫിസിനെ എന്‍ഐഎ സമീപിച്ചത്. മൂന്ന് ഉദ്യോഗസ്ഥരാണ് എന്‍ഐഎ സംഘത്തിലുണ്ടായിരുന്നത്.

പിന്നീട് റവന്യൂ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി സരിത്തിനെ പൊലീസ് ക്ലബ്ബില്‍നിന്ന് സന്ദീപിന്റെ അരുവിക്കര പത്താംകല്ലിലെ വീട്ടിലെത്തിച്ചു. ഈ വീട്ടില്‍ ഗൂഢാലോചന നടന്നതായാണ് എന്‍ഐഎ സംശയിക്കുന്നത്. നേരത്തെ ഇവിടെ നടത്തിയ റെയ്ഡില്‍ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.

പിന്നീട് സ്വപ്നയുടെ അമ്ബലംമുക്കിലെ ഫ്ലാറ്റില്‍ തെളിവെടുപ്പ് നടത്തി. നേരത്തെ സ്വപ്നയുമായി എത്തി എന്‍ഐഎ സംഘം ആറാം നിലയിലെ ഫ്ലാറ്റ് പരിശോധിച്ചിരുന്നു. സ്വര്‍ണം കൈമാറിയ പട്ടത്തെ പാര്‍ക്കിങ് കേന്ദ്രത്തിലെത്തിച്ചശേഷം പിന്നീട് സ്റ്റാച്യുവിലെ കടയില്‍ തെളിവെടുത്തു. അതിനുശേഷം സെക്രട്ടേറിയറ്റിനടുത്തുള്ള ഹെദര്‍ ഫ്ലാറ്റിലെത്തിച്ചു. ഇവിടെയാണ് ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് ഫ്ലാറ്റുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *