വികാസ് ദുബെയ്ക്ക് ജാമ്യം ലഭിച്ചതില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കൊടുംകുറ്റവാളി വികാസ് ദുബെയ്ക്ക് ജാമ്യം കിട്ടാനിടയായത് വ്യവസ്ഥയുടെ പരാജയമാണെന്ന വിമര്‍ശനവുമായി സുപ്രീംകോടതി.

നിയമം ഉയര്‍ത്തിപ്പിടിക്കേണ്ടത് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇത്തരമൊരു വ്യക്തി, അയാള്‍ ചെയ്ത കാര്യങ്ങളൊക്കെ മറികടന്ന് ജാമ്യത്തിലിറങ്ങിയത് നടുക്കം ഉളവാക്കുന്നു, ഇത് വ്യക്തമായ പരാജയമാണ്. ആ ഉത്തരവുകളെക്കുറിച്ച്‌ ഞങ്ങള്‍ക്ക് വ്യക്തമായ റിപ്പോര്‍ട്ട് ആവശ്യമാണ്”, CJI എസ്. എ. ബോബ്‌ഡെയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു.

കൊടുംകുറ്റവാളി വികാസ് ദുബെയും കൂട്ടാളികളും പോലീസ് ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ച സഭവത്തില്‍ CBI അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നേരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. 8 പോലീസുകാരെ വികാസ് ദുബെയും കൂട്ടാളികളും ചേര്‍ന്ന് വധിച്ച സംഭവവും അന്വേഷിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

കാണ്‍പൂര്‍ ഏറ്റുമുട്ടല്‍ കേസിലെ മുഖ്യപ്രതി വികാസ് ദുബെയെയും കൂട്ടാളികളെയും പൊലീസ് വെടിവച്ചു കൊന്ന സംഭവ൦ അന്വേഷിക്കാന്‍ മൂന്നംഗ അന്വേഷണ സമിതിയെന്ന സുപ്രിംകോടതി നിര്‍ദേശം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അംഗീകരിച്ചു.
റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജിയെയും വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥനെയും ഉള്‍പ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കാമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. കരട് വിജ്ഞാപനം ബുധനാഴ്ച ഹാജരാക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഉത്തര്‍പ്രദേശിലെ 8 പൊലീസുകാരെ കൊലപ്പെട്ടുത്തിയ കേസിലെ പ്രതിയായ വികാസ് ദുബെ ജൂലൈ 9 വ്യാഴാഴ്ചയാണ് മധ്യപ്രദേശില്‍വെച്ച്‌ പിടിയിലായത്. അടുത്ത ദിവസം രാവിലെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസ് നടപടിക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണ് പോലീസ് ദുബെയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രധാനമായും ഉയര്‍ന്നുവന്ന വിമര്‍ശനം. എന്നാല്‍, ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ആത്മരക്ഷാര്‍ത്ഥം വെടിവെക്കുകയായിരുന്നു എന്നുമാണ് ഉത്തര്‍ പ്രദേശ് പോലീസ് പറഞ്ഞത്.

ഇതുനിടെ, വികാസ് ദുബെയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ 6 തവണ ദുബെയ്ക്ക് വെടിയേറ്റതായും വെടിയുണ്ടകളില്‍ 3 എണ്ണം ശരീരത്തില്‍ തുളച്ചുകയറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആകെ 10 പരിക്കുകള്‍ ദുബെയുടെ ശരീരത്തില്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയുള്ള പരിക്കുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വെടിയുണ്ടകള്‍ മൂലമുണ്ടായ പരിക്കുകള്‍ മരണത്തിന് കാരണമായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *