ശബരിമല വിധി: റിവ്യൂഹര്‍ജി നല്‍കുന്നത് ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ്‌

തിരുവനന്തപുരം: ശബരിമല കേസിലെ സുപ്രിംകോടതി വിധിയില്‍ അതൃപ്തി പരസ്യമാക്കി ദേവസ്വം ബോര്‍ഡ് രംഗത്ത്. ശബരിമല സ്ത്രീ പ്രവേശനത്തില്‍ റിവ്യൂഹര്‍ജിയുടെതടക്കം സാധ്യതകള്‍ പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.

ബുധനാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ അക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അമ്പലത്തില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. വിശ്വാസികളായ സ്ത്രീകള്‍ പഴയ ആചാരപ്രകാരം മാത്രമെ ശബരിമലയിലേക്ക് എത്തുകയുള്ളൂ.

വിശ്വാസികളായ എന്റെ വീട്ടിലെ സ്ത്രീകള്‍ നാളെ ക്ഷേത്രത്തിലേക്ക് പോകില്ല. എന്നും പത്മകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സൗകര്യങ്ങല്‍ വര്‍ധിപ്പിക്കുന്നതിനായി നിലയ്ക്കലില്‍ 100 ഹെക്ടര്‍ കൂടി വേണമെന്ന ആവശ്യത്തിന് മുഖ്യമന്ത്രി പിന്തുണ നല്‍കിയതായി അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ 100 ഏക്കറിന് ശ്രമിക്കാമെന്ന ഉറപ്പ് കിട്ടിയെന്നും പത്മകുമാര്‍ അറിയിച്ചു. കൂടുതല്‍ സൗകര്യം ഇപ്പോള്‍ ഒരുക്കാനാകില്ല. നിലവിലുള്ള സൗകര്യങ്ങള്‍ എല്ലാവരും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രിംകോടതി വിധിക്ക് പിന്നാലെ വിധി സ്വാഗതം ചെയ്ത് ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിന് കടകവിരുദ്ധമായാണ് ദേവസ്വം പ്രസിഡന്റിന്റെ പുതിയ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *