സ്വപ്നയെയും സന്ദീപിനെയും എന്‍ഐഎ കോടതിയില്‍ എത്തിച്ചു

തിരുവനന്തപുരം: വിമാനത്താവളം കേന്ദ്രീകരിച്ച്‌ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു. എന്‍ഐഎ ഓഫിസിലെത്തിച്ച്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പ്രതികളെ കോടതിയിലേക്ക് എത്തിച്ചത്. ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച്‌ ഇവരുടെ വൈദ്യപരിശോധന നടത്തിയിരുന്നു.
പ്രതികളുമായി എന്‍ഐഎ ഓഫീസിലേക്ക് വാഹനം എത്തിയപ്പോള്‍ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ പൊലീസ് ലാത്തിവീശി.

ആര്‍ടി പിസിആര്‍ ടെസ്റ്റാണ് സ്വപ്നയ്കക്കും സന്ദീപിനും നടത്തിയതെന്നാണ് കിട്ടുന്ന വിവരം. ഈ പരിശോധന ഫലം കിട്ടിയതിന് ശേഷമായിരിക്കും കസ്റ്റഡി അപേക്ഷ നല്‍കുകയെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

പ്രതികളുടെ കൊറോണ പരിശോധനാഫലം ഇന്ന് തന്നെ ലഭിക്കുകയാണെങ്കില്‍ ഫലമനുസരിച്ച്‌ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായിരിക്കും എന്‍ഐഎയുടെ ശ്രമം. ഫലം വൈകുകയാണെങ്കില്‍ പ്രതികളെ കറുകുറ്റിയിലെ കൊറോണ നിരീക്ഷണ സെല്ലിലേക്ക് മാറ്റിപാര്‍പ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *