സ്വപ്‌നയുടെ ജാമ്യാപേക്ഷ 14ന് പരിഗണിക്കും; ഉന്നതര്‍ക്കും പങ്കെന്ന് കേന്ദ്രം

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതര്‍ക്കും പങ്കെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള കള്ളക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്ബോള്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ദല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന ഹാജരായ അഡ്വ. രവിപ്രകാശാണ് ഇക്കാര്യം അറിയിച്ചത്.

യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന സംഭവമാണെന്നും അന്വേഷണം ഏറ്റടുത്ത് എഫ്‌ഐആര്‍ തയാറാക്കിയെന്നും എല്‍ഐഎ ഹൈക്കോടതിയെ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ അന്വേഷണം മുന്നോട്ട് പോകുന്നതിന് സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഐഎ പറഞ്ഞു. നയതന്ത്ര പരിരക്ഷയുടെ മറവില്‍ സര്‍ക്കാര്‍ ഏജന്‍സികളെയും കസ്റ്റംസിനെയും കബളിപ്പിച്ച്‌ ഇന്ത്യയിലേക്ക് വന്‍തോതില്‍ സ്വര്‍ണം കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് സ്വപ്ന. സ്വര്‍ണം കടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ഗൂഢാലോചനയിലും സജീവമായിരുന്നെന്ന് തെളിവുകളില്‍ നിന്ന് വ്യക്തമാണ്.

അതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് കേസന്വേഷണത്തില്‍ നിര്‍ണായകമാണെന്നും എന്‍ഐഎ വ്യക്തമാക്കി. തുടര്‍ന്ന് സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദത്തിന് 14 ലേക്ക്(ചൊവ്വ) മാറ്റി. കേന്ദ്ര ഏജന്‍സികള്‍ക്കായി കെ. രാംകുമാര്‍, അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാര്‍ എന്നിവരും കോടതിയില്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *